20,000 രൂപ മാത്രം ചെലവ്, മണലാരണ്യത്തില്‍ കുതിച്ചുപായുന്ന ഡെസേർട്ട് ബൈക്ക് നിർമിച്ച് പത്താം ക്ലാസുകാരൻ

Published : Sep 11, 2023, 01:32 PM IST
20,000 രൂപ മാത്രം ചെലവ്, മണലാരണ്യത്തില്‍ കുതിച്ചുപായുന്ന ഡെസേർട്ട് ബൈക്ക് നിർമിച്ച് പത്താം ക്ലാസുകാരൻ

Synopsis

ഓട്ടോ ഡ്രൈവറായ ഉപ്പയുടെ കയ്യില്‍ എഞ്ചിന്‍ വാങ്ങിത്തരാനുള്ള പണമില്ലാത്തതിനാല്‍ താന്‍ പത്ര വിതരണക്കാരനായി കിട്ടിയ പണം ഉപയോഗിച്ചാണ് ആദ്യം ബൈക്ക് നിര്‍മിച്ചതെന്ന് ഷക്കീബ്

മലപ്പുറം: മങ്കട കുഴാപറമ്പിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷക്കീബിനൊരു മോഹം. മരുഭൂമിയിലെ മണൽപ്പരപ്പിൽ കുതിച്ചുപായുന്ന ഡെസേർട്ട് ബൈക്ക് സ്വന്തമായി നിർമിക്കണമെന്ന്. മോഹങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന ഈ മിടുക്കൻ അതും നിർമിച്ചു. വെറും 20000 രൂപ മാത്രം ചെലവഴിച്ച്.

വടക്കാങ്ങര ടി.എസ്.എസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഷക്കീബ്. കഴിഞ്ഞ വർഷം ബൈക്ക് നിർമിച്ച് ഈ മിടുക്കൻ ശ്രദ്ധേയനായിരുന്നു. ഇത്തവണ വ്യത്യസ്തമായി ഓഫ് റോഡ് ജീപ്പ് നിർമിക്കണമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും വൻ സാമ്പത്തിക ചെലവും കാരണം ജീപ്പ് ഉപേക്ഷിച്ച് ഡെസേർട്ട് ബൈക്ക് നിർമിക്കുകയായിരുന്നുവെന്ന് ഷക്കീബ് പറഞ്ഞു. 

പഴയ ഹീറോ ഹോണ്ട മോട്ടോർ ബൈക്കിന്റെ എൻജിനാണ് വാഹനത്തിൽ ഉപയോഗിച്ചത്. നാട്ടുകാരനായ ഷറഫുദ്ദീൻ മന്നാട്ടിലിന്‍റെ സാമ്പത്തിക സഹായത്തോടെയാണ് ബൈക്കിന്‍റെ നിര്‍മാണം പൂർത്തിയാക്കിയത്- "ചെറുപ്പത്തില്‍ മിനിയേച്ചര്‍ രൂപത്തില്‍ ബൈക്കുകള്‍ ഉണ്ടാക്കിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ സൈക്കിള്‍ ബൈക്ക് ഉണ്ടാക്കി. അപ്പോള്‍ ഒരു സ്പോണ്‍സര്‍ വന്നു. അടുത്ത ആഗ്രഹമെന്താണെന്ന് ചോദിച്ചു. ഞാന്‍ ഡെസേര്‍ട്ട് ബൈക്കിന്‍റെ കാര്യം പറഞ്ഞു. രണ്ടും കല്‍പ്പിച്ച് ചെയ്തോ, സാധിക്കുമെന്ന് പറഞ്ഞ് പൈസ തന്നു.അങ്ങനെ തുടങ്ങിയതാണ്. അവസാനം ഇവിടെയെത്തി"- ഷക്കീബ് പറഞ്ഞു. 

പഴയ സാധനങ്ങള്‍ ഉപയോഗിച്ച് വേറെയും യന്ത്രങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് ഷക്കീബ്. പുല്ല് അരിയുന്ന യന്ത്രം ഉള്‍പ്പെടെ ആദ്യ കാലത്ത് നിര്‍മിച്ചു. ഓട്ടോ ഡ്രൈവറായ ഉപ്പയുടെ കയ്യില്‍ എഞ്ചിന്‍ വാങ്ങിത്തരാനുള്ള പണമില്ലാത്തതിനാല്‍ താന്‍ പത്ര വിതരണക്കാരനായി. അങ്ങനെ കിട്ടിയ പണം ഉപയോഗിച്ചാണ് ആദ്യം ബൈക്ക് നിര്‍മിച്ചതെന്ന് ഷക്കീബ് പറഞ്ഞു. 

ഭാവിയിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് പഠിക്കാനാണ് ഷക്കീബിന് താൽപര്യം. ആരും ഇറക്കാത്ത വാഹനങ്ങള്‍ നിര്‍മിക്കണമെന്നാണ് ആഗ്രഹമെന്ന് ഷക്കീബ് പറഞ്ഞു. മങ്കട ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡ് കുഴാപറമ്പിലെ തോടേങ്ങൽ ഷംസുദ്ദീൻ - പുതിയപറമ്പത്ത് താഹിറ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ഷക്കീബ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു, ഒരു ബൈക്കിന് തീപിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്
മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് അമിത വേഗത്തിലെത്തിയ കാർ, 40കാരിക്ക് ദാരുണാന്ത്യം