സുഗതന്‍ സാര്‍ വന്നുകണ്ടു; വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക കൂരയായി, ഒപ്പം സ്വന്തം വീടെന്ന പ്രതീക്ഷയും

By Web TeamFirst Published Jun 15, 2020, 9:19 PM IST
Highlights

പ്രിയ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കി സുഗതന്‍ മാഷ്. ഒറ്റ മുറി വീട്ടിലെ 5 ജീവിതങ്ങള്‍ക്ക് ഇനി സുഖമായി ഉറങ്ങാം.
 

മാവേലിക്കര: പ്രിയ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കി സുഗതന്‍ മാഷ്. ഒറ്റ മുറി വീട്ടിലെ 5 ജീവിതങ്ങള്‍ക്ക് ഇനി സുഖമായി ഉറങ്ങാം. യാതൊരു സുരക്ഷിതത്വവും ഇല്ലാതെ ഒറ്റമുറി വീട്ടില്‍ കഴിഞ്ഞിരുന്ന മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സുരക്ഷിത ഭവനം ഒരുക്കാന്‍ വഴിയൊരുക്കി പൊതു വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തനാവുകയാണ് ഒരധ്യാപകന്‍. 

2018 ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവും, ആലപ്പുഴ താമരക്കുളം വിവി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രൈമറി വിഭാഗം അദ്ധ്യാപകനുമായ ശാസ്താംകോട്ട, ഭരണിക്കാവ് പൗര്‍ണ്ണമിയില്‍ എല്‍ സുഗതനാണ് തന്റെ പ്രിയ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത ഭവനത്തിനായി മുന്നിട്ടിറങ്ങിയത്. 

മഹാമാരിയുടെ ഭീതിയില്‍ അകപ്പെട്ട തന്റെ നാല്‍പതോളം വരുന്ന വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് കരുതലും, സമ്മാനപ്പൊതികളുമായുള്ള സന്ദര്‍ശനത്തിനിടയിലാണ് മാവേലിക്കര കൊച്ചാലുംമൂട് ജങ്ഷനു സമീപത്തായി താമസിക്കുന്ന പ്രിയ വിദ്യാര്‍ത്ഥിനി പൗര്‍ണ്ണമിയുടെ വീട് കണ്ടെത്തിയത്. എന്നാല്‍ കൊച്ചാലുംമൂട് എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന പഴയ തീപ്പെട്ടി കമ്പനിയോട് ചേര്‍ന്ന് വെട്ടവും, വെളിച്ചവുമില്ലാതെ, ശുചിമുറിയുടെ വലിപ്പമില്ലാത്ത, തകര ഷീറ്റുകൊണ്ട് മറച്ച ഒറ്റമുറി വീട്ടിലെ അഞ്ച് ജീവിതങ്ങള്‍ക്കിടയില്‍ തന്റെ പ്രിയപ്പെട്ട പൗര്‍ണ്ണമി മോളെ കണ്ടപ്പോള്‍ സുഗതന്‍ മാഷ് വല്ലാതെ വേദനിച്ചു. 

40 വര്‍ഷം മുന്‍പ് ജോലി തേടി കേരളത്തില്‍ എത്തിയതായിരുന്നു തമിഴ് വംശജരായ അന്നാ ലക്ഷ്മിയും, ചെല്ലയ്യയും. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന ഇവരുടെ മൂന്ന് പെണ്‍കുട്ടികളെ ആര്‍ രാജേഷ് എംഎല്‍എ ഇടപെട്ടാണ് ചാരുംമൂട് പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിപ്പിച്ചത്. എന്നാല്‍ ലോക് ഡൌണ്‍ സമയത്ത് ഈ ഒറ്റമുറി വീട്ടില്‍ലേക്ക് അവര്‍ എത്തുകയായിരുന്നു. ചെല്ലയ്യയ്ക്ക് തീപ്പെട്ടി കമ്പനിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയാതെ വന്നപ്പോള്‍ വാടക വീട് ഒഴിഞ്ഞ് കമ്പനിയോട് ചേര്‍ന്നുള്ള ഒറ്റമുറി വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. 

ഇതിനിടയില്‍ വാര്‍ഡ് മെമ്പര്‍ മനു ഫിലിപ്പ് ഇവര്‍ക്കായി റേഷന്‍ കാര്‍ഡ് ക്രമീകരിച്ചു നല്‍കിയും, ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങ്ള്‍ പറഞ്ഞ് വീട് ലഭിച്ചില്ല. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ സുഗതന്‍ മാഷും സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എം. എസ് സലാമത്തും കൂടി തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷിനെയും വാര്‍ഡ് മെമ്പര്‍ മനു ഫിലിപ്പിനെയും നേരില്‍ കണ്ട് വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും അന്ന് രാത്രി തന്നെ പഞ്ചായത്ത് അധികൃതര്‍, ഒരേ മനസോടെ സ്വന്തമായി പണം പിരിച്ചെടുത്ത് അടിയന്തിരമായി ഒരു വാടക വീട് സംഘടിപ്പിക്കുകയുമായിരുന്നു. 

തുടര്‍ന്ന് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ദീപാ ജയാനന്ദിന്റെ നേതൃത്വത്തില്‍ ടെലിവിഷന്‍ സമ്മാനിച്ചു. ആര്‍ രാജേഷ് എംഎല്‍എ ഈ വിഷയത്തില്‍ ഇടപെടുകയും തഴക്കര പഞ്ചായത്തുമായി ആലോചിച്ച് പൗര്‍ണ്ണമിയുടെ കുടുംബത്തിന് സ്വന്തമായി വസ്തുവും വീടും ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. 

പൗര്‍ണ്ണമിയുടെ കുടുംബത്തിന് വസ്തുവും വീടും സ്വന്തമായി ലഭിക്കുന്നതിനു വേണ്ടി പഞ്ചായത്തിന്റെ ഭരണപരമായ നടപടികള്‍ ആരംഭിച്ചതായും തഴക്കര പഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷ്, വാര്‍ഡ് മെമ്പര്‍ മനു ഫിലിപ്പ് എന്നിവര്‍ പറഞ്ഞു. പൗര്‍ണ്ണമിയ്ക്കും, കുടുംബത്തിനും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂവണിയിച്ച് കൊണ്ടും കുടുംബത്തിന്റെ ക്ഷേമം ഉറപ്പു വരുത്തിയുമായിരുന്നു സുഗതന്‍ സാറിന്റെ ഭവന സന്ദര്‍ശനം അവസാനിപ്പിച്ചത്.

click me!