
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ നഗരസഭയുടെ നേതൃത്വത്തിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് നടത്തി. 20 ഏക്കർ വരുന്ന ആശുപത്രി കോമ്പൗണ്ടിൽ പടർന്നുകിടന്ന കാടും പടർപ്പുകളും മാലിന്യക്കൂനകളും വ്യാപകമായി നീക്കം ചെയ്തു. പല ഭാഗങ്ങളിലും കാടും പടർപ്പും മാലിന്യവും നിറഞ്ഞ നിലയിലായിരുന്നു ആശുപത്രി വളപ്പ്. പകർച്ചവ്യാധികൾക്ക് സാഹചര്യമൊരുക്കുന്നതിന് പുറമെ രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും സമീപവാസികൾക്കും ആരോഗ്യഭീഷണി ഉയർത്തുന്ന സാഹചര്യമുണ്ടായിരുന്നു. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ പ്രദേശങ്ങളും ശുചീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കി.
നഗരസഭയുടെ 150 ശുചീകരണ തൊഴിലാളികളെയാണ് മെഗാ ക്ലീനിംഗ് ഡ്രൈവിനായി രംഗത്തിറക്കിയത്. വിവിധ വാഹനങ്ങളും യന്ത്രസാമഗ്രികളും ഉപയോഗിച്ച് കാടും പടർപ്പുകളും വെട്ടിമാറ്റി. ശുചീകരണത്തിനിടെ 12 ലോറി മാലിന്യവും നാല് ലോറി പാഴ്മരക്കഷണങ്ങളും നീക്കം ചെയ്തു. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ വൈകിട്ട് 5.30 വരെ തുടർന്നു. നഗരസഭാ മേയർ വി. വി. രാജേഷ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. പാമ്പുകളുടെ തോഴൻ എന്നറിയപ്പെടുന്ന വാവ സുരേഷ് മുഖ്യാതിഥിയായി.
ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ആർ. ഗോപൻ, ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ലക്ഷ്മി, മെഡിക്കൽ കോളേജ് നോഡൽ ഓഫീസർ ഡോ. കവിത രവി എന്നിവർ പങ്കെടുത്തു.
നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അരുൺ എസ്. നായർ, ബിനോജ് എസ്., അനിൽ എൻ., അജീഷ് കുമാർ ടി. എസ്. എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും ക്ലീനിംഗ് ഡ്രൈവിൽ പങ്കാളികളായി. ആശുപത്രി പരിസരം ശുചിയായി സൂക്ഷിക്കുന്നതിനും പകർച്ചവ്യാധി, ഇഴജന്തു ഭീഷണികൾ ഒഴിവാക്കുന്നതിനുമായി തുടർ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് നഗരസഭയുടെ ലക്ഷ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam