ഓണത്തിന് ഒരുമുറം പച്ചക്കറി; സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jun 27, 2023, 2:32 PM IST
Highlights

പച്ചക്കറി ഉല്‍പാദനത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ പദ്ധതിക്ക് കീഴില്‍ പച്ചക്കറി വിത്ത് പാക്കറ്റുകള്‍, തൈകള്‍, ദീര്‍ഘകാല പച്ചക്കറി തൈകള്‍ എന്നിവ കൃഷി ഭവന്‍ വഴി സൌജന്യമായി നല്‍കും.

തിരുവനന്തപുരം: കൃഷി വകുപ്പിന്‍റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി. ഓണത്തിന് വിഷരഹിതമായ പച്ചക്കറികള്‍ വീട്ടുവളപ്പില്‍ തയ്യാറാക്കുക ലക്ഷ്യമിട്ടാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പിലാക്കുന്നത്. പച്ചക്കറി ഉല്‍പാദനത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ പദ്ധതിക്ക് കീഴില്‍ പച്ചക്കറി വിത്ത് പാക്കറ്റുകള്‍, തൈകള്‍, ദീര്‍ഘകാല പച്ചക്കറി തൈകള്‍ എന്നിവ കൃഷി ഭവന്‍ വഴി സൌജന്യമായി നല്‍കും.

കൃഷിക്കൂട്ടങ്ങള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തേയും പങ്കെടുപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 25 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകള്‍ കൂടാതെ പച്ചക്കറി ഇനങ്ങളുടെ 100 ലക്ഷം തൈകള്‍ ഇത്തരത്തില്‍ നല്‍കും. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച്, തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാല, വാരണാസിയിലെ ഭാരതീയ പച്ചക്കറി ഗവേഷണ സ്ഥാപനം, വിഎഫ്പിസികെ, കേരള കാര്‍ഷിക സര്‍വ്വകലാശാല, കൃഷി വകുപ്പിന് കീഴിലുള്ള ഫാമുകള്‍, കാര്‍ഷിക കര്‍മ്മസേന, അഗ്രോ സര്‍വ്വീസ് സെന്‍റര്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളില്‍ നിന്നായാണ് വിത്തും തൈകളും ശേഖരിച്ചിട്ടുള്ളത്. 

സെക്രട്ടേറിയേറ്റ് വളപ്പിലായിരുന്നു പരിപാടി. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്‍റണി രാജു, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി, എംബി രാജേഷ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി എന്‍ വാസവന്‍, വീണ ജോര്‍ജ് എന്നിവരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!