രണ്ട് മണിക്കൂര്‍ നീണ്ട ശ്രമം; ഒടുവില്‍ മാളത്തിലെ മൂര്‍ഖനെ പിടികൂടി

By Web TeamFirst Published Jan 21, 2022, 9:57 PM IST
Highlights

ചെറിയ കുട്ടികളടക്കം സഞ്ചരിക്കുന്ന വഴിയരുകിലെ ആഞ്ഞിലിമരത്തിനു താഴെയായിട്ടാരുന്നു മാളം. ഇവിടെ രണ്ടു ദിവസം മുമ്പ് അടുത്ത വീട്ടുകാരനായ രാധാകൃഷ്ണൻ പാമ്പ് പടം പൊഴിച്ചിട്ടിരുന്നതും കണ്ടിരുന്നു. 

ചാരുംമൂട്: വഴിയരുകിലെ മാളത്തിലൊളിച്ച മൂർഖൻ പാമ്പിനെ രണ്ടു മണിക്കൂറത്തെ ശ്രമത്തിനൊടുവിൽ പിടികൂടി. താമരക്കുളം ചത്തിയറ തെക്ക് കലതിവിളയിൽ പുരയിടത്തിൽ നിന്നാണ് ഇന്ന് പാമ്പുപിടുത്തക്കാരനായ ചെങ്ങന്നൂർ പൂമല സാംജോൺ ജെ. സി. ബിയുടെ സഹായത്തോടെ രണ്ടു മീറ്ററോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്.  ഒരു മാസം മുമ്പ് കുട്ടികളും മുതിർന്നവരുമൊക്കെ ഇവിടെ പമ്പിനെ കണ്ടതോടെ ഭീതിയിലായിരുന്നു. 

ചെറിയ കുട്ടികളടക്കം സഞ്ചരിക്കുന്ന വഴിയരുകിലെ ആഞ്ഞിലിമരത്തിനു താഴെയായിട്ടാരുന്നു മാളം. ഇവിടെ രണ്ടു ദിവസം മുമ്പ് അടുത്ത വീട്ടുകാരനായ രാധാകൃഷ്ണൻ പാമ്പ് പടം പൊഴിച്ചിട്ടിരുന്നതും കണ്ടിരുന്നു.  ഇന്നലെ ഉച്ചയോടെയാണ് മാളത്തിനുള്ളിൽ പാമ്പിനെ വീണ്ടും കണ്ടത്. അടുത്ത വീട്ടുകാർ ഉടൻ തന്നെ വിവരം പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുവിനെയും വാർഡ് മെമ്പർ എസ്. ശ്രീജയേയും അറിയിച്ചു. 
ഇവർ ബന്ധപ്പെട്ടതനുസരിച്ച് ഒരു മണിയോടെ ചെങ്ങന്നൂരിൽ നിന്നും പാമ്പുപിടിത്തക്കാരനായ സാം സ്ഥലത്ത് എത്തി. ഇതിനു മുമ്പായി തന്നെ പാമ്പ് മാളത്തിനുള്ളിലേക്ക് വലിഞ്ഞിരുന്നു.  പിക്കാസും മറ്റു പയോഗിച്ച് ഒന്നര മണിക്കൂർ കൊണ്ട് അടുത്ത വീട്ടുകാർ മാളം വെട്ടിയിളക്കിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. 

തുടർന്നാണ് ജെ. സി. ബിയുടെ സഹായം തേടിയത്. ജെ. സി. ബിയെത്തി ആഞ്ഞിലിമരം പിഴുത് മാറ്റിയെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല. തുടർന്ന് ആഞ്ഞിലിയുടെ ചുവട് തുരന്നതോടെ മണ്ണിൽ പുതഞ്ഞു കിടന്ന പാമ്പിനെ സാം പിടികൂടുകയായിരുന്നു.  പ്ലാസ്റ്റിക്ക് ഭരണിയിലാക്കിയ പാമ്പിനെ വനപാലകർക്ക് കൈമാറാനായി കൊണ്ടുപോയി.

click me!