അങ്കണവാടിയിൽ മൂർഖനെ കണ്ട സംഭവം; പാമ്പിനെ പിടി കൂടാനായില്ല, കെട്ടിടം പൂർണ്ണമായി അടച്ചു

By Web TeamFirst Published Jan 18, 2023, 2:44 PM IST
Highlights

രാവിലെ അങ്കണവാടിയുടെ അടുക്കള വൃത്തിയാക്കുന്നതിനിടെയാണ് അങ്കനവാടിയിലെ ജീവനക്കാരി പാമ്പിനെ കണ്ടത്. 

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് തിരുവിഴാം കുന്നിലെ അമ്പലപ്പാറ അങ്കണവാടിക്കകത്ത് കണ്ട മൂർഖനെ പിടികൂടാനായില്ല. തറയിലെ മാളത്തിലേക്കാണ് പാമ്പ് പോയത്. ഇതോടെ അങ്കണവാടി പൂർണ്ണമായി അടച്ചിട്ടു. കഴിഞ്ഞ ദിവസമാണ് മണ്ണാർക്കാട് തിരുവിഴാം കുന്നിൽ അങ്കണവാടിയിലെ ചുമരിൽ മൂർഖനെ കണ്ടെത്തിയത്. രാവിലെ അങ്കണവാടിയുടെ അടുക്കള വൃത്തിയാക്കുന്നതിനിടെയാണ് അങ്കനവാടിയിലെ ജീവനക്കാരി പാമ്പിനെ കണ്ടത്.  ഉടനെ വാർഡ് മെമ്പറെ വിവരം അറിയിച്ചു. പിന്നാലെ വനംവകുപ്പ് ആര്‍ആര്‍ ടീം എത്തി പരിശോധിച്ചാണ്, മൂർഖനാണെന്ന് സ്ഥിരീകരിച്ചത്. ഇതിനിടെ പാമ്പ് തറയിലെ മാളത്തിലേക്ക് മാറിയതിനാൽ  പിടികൂടാൻ കഴിഞ്ഞില്ല.

പലവിധത്തിലും വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പ് കെട്ടിടത്തിന് പുറത്തേക്ക് പോയതായി ഉറപ്പിക്കാനും സാധിച്ചില്ല. ഇതോടെ അങ്കണവാടി കെട്ടിടം പൂർണ്ണമായി അടച്ചിട്ടു. 25ലധികം കുട്ടികൾ എത്തുന്ന അങ്കണവാടിയാണിത്. അപായ സാധ്യത കണക്കിലെടുത്താണ് അടച്ചിടൽ. 1993 ൽ സ്ഥാപിച്ച അങ്കണവാടി കെട്ടിടത്തിന്റെ അവസ്ഥയും വളരെ ശോചനീയമാണ്. നിലവിലെ പ്രതിസന്ധി പരിഹരിച്ചതിന് ശേഷമേ കുട്ടികളെ പ്രവേശിപ്പിക്കൂ. തത്ക്കാലം പകരം സംവിധാനം ഒരുക്കാനാണ് പഞ്ചായത്തിന്റെ ആലോചന. 

മണ്ണാർക്കാട് അങ്കണവാടിയിലെ ചുമരിൽ മൂർഖനെ കണ്ടെത്തി

click me!