Latest Videos

അര്‍ദ്ധരാത്രിയിലും ടോള്‍ പ്ലാസയില്‍ നീണ്ട ക്യൂ; ടോള്‍ബൂത്ത് തുറപ്പിച്ച് കളക്ടര്‍ അനുപമ

By Web TeamFirst Published Dec 22, 2018, 10:46 AM IST
Highlights

ടോളിനിരുവശവും ഒന്നര കിലോ മീറ്ററോളം നീണ്ട ക്യൂവിൽ ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം 20 മിനിറ്റോളം കിടന്നു. നിരങ്ങി നീങ്ങിയ കാർ ടോളിനരികെ എത്തിയതോടെ  കളക്ടര്‍ ടോൾ കമ്പനി ജീവനക്കാരെ വിളിച്ചുവരുത്തി

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ അര്‍ദ്ധരാത്രിയിലും നീണ്ട ക്യൂ. വാഹനക്കുരുക്കില്‍ കുരുങ്ങിയ തൃശൂര്‍ കളക്ടര്‍ അനുപമ, ടോള്‍ പ്ലാസ ജീവനക്കാരെയും പൊലീസിനെയും ശാസിച്ചു. കഴിഞ്ഞ വ്യാഴാഴ്ച അര്‍ദ്ധ രാത്രിയിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന്  കളക്ടര്‍മാരുടെ യോഗം കഴിഞ്ഞ് തൃശൂരേക്ക് മടങ്ങുകയായിരുന്നു  കളക്ടര്‍ അനുപമ. ഈ സമയം പാലിയേക്കര ടോളില്‍ പണ പിരിവിനായി പിടിച്ചിട്ട നൂറുകണക്കിന് വാഹനങ്ങളായിരുന്നു ഇരുവശത്തും. 

ടോളിനിരുവശവും ഒന്നര കിലോ മീറ്ററോളം നീണ്ട ക്യൂവിൽ ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം 20 മിനിറ്റോളം കിടന്നു. നിരങ്ങി നീങ്ങിയ കാർ ടോളിനരികെ എത്തിയതോടെ  കളക്ടര്‍ ടോൾ കമ്പനി ജീവനക്കാരെ വിളിച്ചുവരുത്തി. വലിയ വാഹനക്കുരുക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിർത്തി വലയ്ക്കുന്നതിന്‍റെ കാരണം എന്താണെന്ന് കളക്ടർ ചോദിച്ചു.

തുടർന്ന് ടോൾ പ്ലാസയ്ക്ക് കാവലുണ്ടായ പൊലീസുകാരെ വിളിച്ച് ടോള്‍ പ്ലാസ തുറന്ന് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. യാത്രക്കാരെ വലച്ചതിന് പൊലീസിനെയും  കളക്ടര്‍  ശാസിച്ചു. അർദ്ധരാത്രിയിലും അരമണിക്കൂറോളം ടോപ്ലാസയിൽ നിലയുറപ്പിച്ച കളക്ടർ ടോളിനിരുവശത്തുമുണ്ടായ മുഴുവൻ വാഹനങ്ങളെയും പ്ലാസയിലൂടെ കടത്തിവിട്ട ശേഷമാണ് തൃശൂരിലേക്കു പോയത്.

അഞ്ച് വാഹനങ്ങളേക്കാൾ കൂടുതൽ പ്ലാസയിലുണ്ടെങ്കിൽ യാത്രക്കാരെ കാത്തുനിർത്താതെ തുറന്നുകൊടുക്കണമെന്നതാണ് ടോളിന്‍റെ നിയമപരമായ കരാർ വ്യവസ്ഥ. ഇത് സ്ഥിരമായി തെറ്റിക്കുന്ന ടോൾ കമ്പനിക്ക്  കളക്ടര്‍ അനുപമയുടെ ഇടപെടൽ ഇരുട്ടടിയായി. ടോൾ പ്ലാസയിൽ മേലിൽ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്താൽ കർശന നടപടിയുണ്ടാവുമെന്ന് കമ്പനി അധികൃതർക്കും പൊലീസിനും താക്കീത് നല്‍കിയായിരുന്നു കളക്ടറുടെ മടക്കം. 


 

click me!