ഇടമലക്കുടിയിലെ ഊരുവിലക്ക്: സബ് കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ഇന്ന്

By Web TeamFirst Published Nov 26, 2019, 3:06 PM IST
Highlights

ഇടമലക്കുടിയിലെ മുന്‍ മൂപ്പനായ ചിന്നത്തമ്പി, ഭാര്യ മണിയമ്മ, സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായി പി.കെ. മുരളീധരന്‍ എന്നിവരെയാണ് ഊരുവിലക്കിയത്. 

ഇടുക്കി: ഇടമലക്കുടിയിലെ ഊരുവിലക്ക് വിഷയത്തില്‍ പരിഹാരം കണ്ടെത്തുവാന്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുന്നു. ഇന്ന് 3 മണിയ്ക്ക് ദേവികുളത്ത് വച്ചാണ് യോഗം നടക്കുന്നത്. 26 ഊരുകള്‍ ചേരുന്ന ഇടമലക്കുടിയിലെ ഊരു മൂപ്പന്മാരും പഞ്ചായത്ത് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. 

ഇലമലക്കുടിയിലെ മുന്‍ മൂപ്പനായ ചിന്നത്തമ്പി, ഭാര്യ മണിയമ്മ, സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായി പി.കെ. മുരളീധരന്‍ എന്നിവരെയാണ് ഇടമലക്കുടിയിലെ ആദിവാസി മൂപ്പന്മാരും പഞ്ചായത്ത് പ്രതിനിധികളും ചേര്‍ന്ന് നാളുകള്‍ക്കു മുമ്പ് ഊരുവിലക്കിയത്. പി.കെ.മുരളീധരന്‍ രചിച്ച ഇടമലക്കുടി ഊരും പൊരുളും എന്ന പുസ്തകത്തില്‍ ആദിവാസികളെ അപമാനിക്കുന്ന വിധത്തില്‍ ചിത്രീകരിച്ചു എന്ന ആരോപണമുന്നയിച്ചാണ് മൂവര്‍ക്കും ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. 

പുസ്തകത്തിനായി ആദിവാസികളെ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ കൈമാറി എന്നതായിരുന്നു ചിന്നതമ്പിയ്ക്കും ഭാര്യയ്ക്കും എതിരായ ആരോപണം. ഊരുവിലക്കിനെ തുടര്‍ന്ന് മൂവരും മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. പിന്നോക്ക ക്ഷേമ മന്ത്രിയ്ക്കും മറ്റു അനുബന്ധ വകുപ്പുകളിലെല്ലാം ഊരുവിലക്കപ്പെട്ട വ്യക്തികള്‍ പരാതി നല്‍കിയിരുന്നു. 

കഴിഞ്ഞ 18 മുതല്‍ തിരുവനന്തപുരത്ത് തന്നെ താമസിച്ച മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയെ കാണാനായിരുന്നില്ല. തുടര്‍ന്ന് ഇവരുടെ പ്രശ്‌നങ്ങള്‍ മാധ്യമശ്രദ്ധയില്‍പ്പെട്ടതോടെയാണ് വാര്‍ത്തയായത്. ഊരുവിലക്കപ്പെട്ട വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം.

click me!