
കൊച്ചി: പാട്ടും കൊട്ടും നൃത്തവുമെല്ലാമായി എറണാകുളം കളക്ടറേറ്റില്‍ ഇന്നലെയൊരു അതിഗംഭീര യാത്രയയപ്പ് നടന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ എന്‍ എസ് കെ ഉമേഷിന്റെ യാത്രയയപ്പാണ് ജീവനക്കാര്‍ ഔപചാരികതകളെല്ലാം മാറ്റിവച്ച് അതിഗംഭീരമാക്കിയത്.
മുത്തുക്കുടയും ചെണ്ടമേളവും അടക്കം വമ്പനൊരു യാത്രയയപ്പ്. ചെണ്ടമേളത്തിന് പിന്നിലൊരു പൂപ്പന്തല്‍, ആ പന്തലിന് താഴെ തൂവെളള ഉടുപ്പിട്ട് മണവാളനെ പോലെ ജില്ലാ കളക്ടര്‍ നടന്നു. മേളത്തിന്റെ താളമൊപ്പിച്ച് ജീവനക്കാരുടെ നൃത്ത ചുവടുകള്‍. ഔപചാരികതകളെല്ലാം മാറ്റിവച്ചായിരുന്നു സ്ഥലം മാറിപ്പോകുന്ന കളക്ടര്‍ക്ക് ജീവനക്കാരുടെ യാത്രയയപ്പ്. കളക്ടറേറ്റിന്റെ ഇടനാഴി കടന്ന് ചേംബറിലെത്തിയപ്പോഴേക്കും ജീവനക്കാര്‍ക്കൊപ്പം കളക്ടറും ചുവടുവച്ചു.
കളക്ടര്‍മാരുടെ യാത്രയയപ്പുകള്‍ ഒരുപാട് നടന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു യാത്രയയപ്പ് എറണാകുളം കളക്ടറേറ്റില്‍ സമീപകാലത്ത് ഇതാദ്യം. ജീവനക്കാരുമായി ഹൃദ്യമായ ബന്ധം സൂക്ഷിച്ചിരുന്ന എന് എസ് കെ ഉമേഷിന് എന്നെന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നൊരു യാത്രയയപ്പ് നല്‍കാനുള്ള സ്റ്റാഫ് കൗണ്‍സില്‍ തീരുമാനമാണ് ഈ ആഘോഷത്തിലേക്ക് എത്തിയത്.