
പാലക്കാട്: വാങ്ങിയ ഇലക്ട്രിക് സ്കൂട്ടര്‍ മൂന്ന് മാസം തികയും മുമ്പ് കട്ടപ്പുറത്തായ സംഭവത്തിൽ ഉടമയ്ക്ക് നഷ്ടപരിഹാരവും ഈടാക്കിയ തുകയും കോടതി ചെലവും നൽകാൻ ഉത്തരവ്. അകത്തറ സ്വദേശി രാജേഷ് സിബി ഉപഭോക്തൃ കമ്മീഷനിൽ നൽകിയ പരാതിയിലാണ് നടപടി. റൊക്കം പണമടച്ചാണ് പാലക്കാട് മേഴ്സി കോളേജ് ജംഗ്ഷനിലുള്ള ഒല ഇലക്ട്രിക് സ്കൂട്ടർ എക്സ്‌പീരിയൻസ് സെന്ററിൽ നിന്ന് 2023 ജൂലൈ രണ്ടിന് രാജേഷ് കമ്പനിയുടെ എസ് വൺ എയർ എന്ന മോഡൽ സ്കൂട്ടർ ബുക്ക് ചെയ്തത്. തുടര്‍ന്ന് പല തവണ കയറിയിറങ്ങി മൂന്ന് മാസത്തിന് ശേഷമാണ് സ്കൂട്ടര്‍ ലഭിച്ചതെന്ന് സുരേഷ് പറയുന്നു.
2023 ഒക്ടോബര്‍ ഒന്നിന് സ്കൂട്ടര്‍ ലഭിച്ചു. ഇവിടംകൊണ്ട് പ്രശ്നം തീര്‍ന്നെന്ന് കരുതി. എന്നാൽ ഇവിടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു പിന്നീടെന്ന് സുരേഷ് പറയുന്നു. വാങ്ങി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പലപ്പോഴായി സ്കൂട്ടർ ഓഫ് ആയി. കൃത്യം എട്ട് ദിവസങ്ങൾക്ക് ശേഷം സ്കൂട്ടർ സ്റ്റാർട്ട് ആകാതെയും ആയി. വണ്ടി വാങ്ങിയ എക്സ്പീരിയൻസ് സെന്ററിൽ വിളിച്ചറിയിച്ചപ്പോൾ കസ്റ്റമർ കെയറിൽ വിളിച്ച് അറിയിച്ച് ബാംഗ്ലൂരിലുള്ള കമ്പനിയിൽ പരാതി ബുക്ക് ചെയ്യണമെന്ന് പറഞ്ഞു. പലവട്ടം പരാതി നൽകിയതിനെ തുടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞാണ് കമ്പനിയിൽ നിന്നും റോഡ് അസിസ്റ്റൻസ് വാഹനം വന്ന് സ്കൂട്ടർ കൊണ്ടുപോയത്.
തുടര്‍ന്ന് നിന്തര പരാതി നൽകിയപ്പോൾ, പത്ത് ദിവസങ്ങൾക്ക് ശേഷം കേടുപാടുകൾ പരിഹരിച്ചതായി പറഞ്ഞ് ബൈക്ക് തിരിച്ചെത്തിച്ചു. അടുത്ത ദിവസം തന്നെ വീണ്ടും ബൈക്ക് വഴിക്കായി. നവംബര്‍ ഒന്നിന് വീണ്ടും തൃശൂരിലേക്ക് കൊണ്ടുപോയ ബൈക്ക് പത്തിന് തിരികെ എത്തിച്ചു. തൊട്ടടുത്ത ദിവസം യുവര്‍ സ്കൂട്ടര്‍ ഈസ് സ്ലീപ്പിങ് എന്ന സന്ദേശത്തോടെ വണ്ടി ഓഫായി. തുടര്‍ന്ന് കസ്റ്റമര്‍ കെയറിലും വണ്ടി വാങ്ങിയ ഇടത്തും പലപ്പോഴായി പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ല.
ഇതിന് പിന്നാലെയാണ് പാലക്കാട് ഉപഭോക്ത തർക്ക പരിഹാര കോടതിയിൽ, അഡ്വക്കേറ്റ് ഷിജു കുര്യാക്കോസ് മുഖാന്തരം പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിച്ച കോടതി എക്സപര്‍ട്ട് കമ്മീഷനെ വച്ച് വാഹനം പരിശോധിപ്പിച്ചു. പരാതി സത്യമാണ് എന്ന് ബോധ്യപ്പെടുകയും, ഒല ഇലക്ട്രിക് സ്കൂട്ടർ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉപഭോക്താവിന് നീതിയും ലഭിച്ചില്ലെന്നും വിലയിരുത്തിയ കോടതി വാഹനത്തിന്റെ വിലയായ 127000 രൂപ തിരികെ നൽകാനും, വാഹന വിലയ്ക്ക് വിധി വന്ന ദിവസം വരെയുള്ള 10 ശതമാനം പലിശയും ഒരു ലക്ഷം രൂപ പിഴയും, കോടതി ചെലവുകൾക്കും മറ്റും ആയി20000 രൂപയും നൽകാൻ വിധിച്ചു. ഇനി ഒരു ഉപഭോക്താവിനും ഈ ദുരനുഭവം നേരിടാതിരിക്കട്ടെ എന്ന് സുരേഷ് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam