
കൊല്ലം: നിർമാണം നടന്നുകൊണ്ടിരിക്കുന്ന താലൂക്കാശുപത്രിക്ക് മുന്നിൽ ഓൺലൈൻ മാധ്യമങ്ങളുമായെത്തി പ്രവർത്തന പുരോഗതി വിശദീകരിച്ച പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പെരുമാറ്റചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് എം.ജെ. യദുകൃഷ്ണൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ജില്ലാ വരണാധികാരിയായ കലക്ടർക്കും പരാതി നൽകിയത്. സാമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചുവെങ്കിലും പിന്നിട് ഒഴിവാക്കി. നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പമാണ് ഗണേഷ്കുമാർ ഒരുപറ്റം മാധ്യമ പ്രവർത്തകരെയും കൂട്ടി പത്തനാപുരം താലൂക്കാശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയത്. മാധ്യമപ്രവർത്തകരോട് പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകുകയും ചെയ്തു.
എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിനു പിന്നാലെ അഡ്ഹോക് കമ്മിറ്റി ഭാരവാഹിയെ അദ്ദേഹത്തിന്റെ നാട്ടിലെത്തി മൈക്കിലൂടെ പരസ്യമായി ആക്ഷേപിച്ചത് എൻഎസ്എസ് പ്രവർത്തകർക്കിടയിലും ഗണേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് വഴിയൊരുക്കി. പുനലൂരിൽ പത്മ കഫയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദമാണ് ഗണേഷ് കുമാറിനെ യൂണിയൻ ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കാൻ കാരണം. നാലരക്കോടി രൂപ ചിലവഴിച്ചിട്ടും പത്മ കഫെ ഇതുവരെയും തുറന്നു കൊടുക്കാനായിട്ടില്ല. കാൽ നൂറ്റാണ്ടിലേറെയായി പത്തനാപുരത്ത് വിജയിച്ചു കയറാറുള്ള ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു പരാതിയുമായ് രംഗത്തെത്തിയതും പിന്നീട് പരാതി പിൻവലിച്ചതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam