
കോഴിക്കോട്: കാന്‍സര്‍ ബാധിതനായ വയോധികന് ആവശ്യമായ ചികിത്സ നിഷേധിച്ചതായി കാണിച്ച് കുടുംബാംഗങ്ങളുടെ പരാതി. അസുഖം മൂര്‍ച്ഛിച്ച് മരിച്ച കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ബാലകൃഷ്ണന്റെ കുടുംബമാണ് ആരോഗ്യവകുപ്പിന് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെയാണ് പരാതി. ഡ്യൂട്ടി ഡോക്ടറായ പ്രമോദ് ശ്രീനിവാസനെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കഴിഞ്ഞ 27ആം തീയതി രാവിലെ 6.30നാണ് അസ്വസ്ഥത അനുഭവപ്പെട്ട ബാലകൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നല്‍ ഉച്ചയ്ക്ക് മൂന്നോടെ മാത്രമാണ് ഡോക്ടര്‍ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായതെന്ന് കുടുംബം ആരോപിക്കുന്നു.
ശരീരത്തില്‍ രക്തക്കുറവുള്ള ബാലകൃഷ്ണന് രക്തം കയറ്റണമെങ്കില്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള റഫറന്‍സ് ലെറ്റര്‍ വേണമെന്ന് ഡോ. പ്രമോദ് ആവശ്യപ്പെട്ടു. എന്നാല്‍ അതുവരെ രോഗിയെ അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞെങ്കിലും ഡോക്ടര്‍ വിസമ്മതിച്ചെന്ന് ആരോഗ്യവകുപ്പിന് നല്‍കിയ പരാതിയില്‍ പറയുന്നു. വൈകീട്ട് മൂന്ന് മണിക്ക് മറ്റൊരു ഡോക്ടര്‍ വന്നതിന് ശേഷമാണ് ബാലകൃഷ്ണനെ അഡ്മിറ്റ് ചെയ്തത്. അന്ന് രാത്രിയോടെ അവശനായ ബാലകൃഷ്ണനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രി പത്ത് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam