അമ്മ ഗുരുതരനിലയില്‍, കടത്തിവിടാതെ പൊലീസ്; മരണസമയത്ത് അതിര്‍ത്തിക്കപ്പുറംപെട്ട് മക്കള്‍

By Web TeamFirst Published Apr 17, 2020, 1:58 PM IST
Highlights

പിന്നീട് അമ്മ മരിച്ച വിവരമറിയിച്ചിട്ടും പൊലീസ് കടത്തിവിട്ടില്ലെന്നും ഒടുവില്‍ ചെക്‌പോസ്റ്റില്‍ കാത്തുനിന്ന് അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങേണ്ടിവന്നുവെന്നുമാണ് മക്കളുടെ ആരോപണം.

കല്‍പ്പറ്റ: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ അമ്മയെ കാണാന്‍ മക്കളെ പൊലീസ് അനുവദിക്കാതിരുന്നതായി പരാതി. ആരോഗ്യം മോശമായ നിലയില്‍  മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയെ കാണാന്‍ വന്ന മക്കളെ ചോലാടി ചെക്പോസ്റ്റില്‍ വെച്ച് പൊലീസ് തടഞ്ഞെന്നാണ്  പരാതി ഉയര്‍ന്നിരിക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന കുടുംബത്തിനാണ് മോശം അനുഭവം നേരിടേണ്ടി വന്നത്. പിന്നീട് അമ്മ മരിച്ച വിവരമറിയിച്ചിട്ടും പൊലീസ് കടത്തിവിട്ടില്ലെന്നും ഒടുവില്‍ ചെക്‌പോസ്റ്റില്‍ കാത്തുനിന്ന് അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങേണ്ടിവന്നുവെന്നുമാണ് മക്കളുടെ ആരോപണം.

കഴിഞ്ഞ ദിവസം മരിച്ച ഗൂഡല്ലൂര്‍ എസ്എഫ് നഗറിലെ അമ്മു (75) വിന്‍റെ മക്കളാണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷുത്തലേന്ന് അസുഖം കലശലായതിനെത്തുടര്‍ന്നാണ് രാത്രി വൈകി അമ്മയെ മക്കള്‍ ചോലാടി ചെക്പോസ്റ്റ് വഴി മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഈസമയത്ത് ഒപ്പമുണ്ടായിരുന്ന മൂന്ന് മക്കളെയും പൊലീസ് അതിര്‍ത്തി കടത്തിവിട്ടു. എന്നാല്‍ ആശുപത്രിയില്‍ അടക്കേണ്ട പണം ശരിയാക്കാനും മറ്റുമായി മക്കളായ മണികണ്ഠനും രാജനും ഗൂഡല്ലൂരിലേക്ക് തന്നെ മടങ്ങി.

പിറ്റേദിവസം രാവിലെയെത്തുമ്പോള്‍ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാമെന്ന് പോകുന്ന സമയത്ത് ചെക്‌പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാര്‍ ഉറപ്പുനല്‍കിയിരുന്നതായി ഇവര്‍ പറഞ്ഞു. പിറ്റേ ദിവസം രാവിലെ ഒമ്പത് മണിയോടെ രാജനും മണികണ്ഠനും ചോലാടി ചെക്പോസ്റ്റിലെത്തി. പക്ഷേ കേരളത്തിലേക്ക് കടത്തിവിടില്ലെന്ന നിലപാട് പൊലീസ് സ്വീകരിക്കുകയായിരുന്നു.  ആശുപത്രിയിലെ ഡോക്ടര്‍ വിളിച്ചുപറഞ്ഞിട്ടു പോലും ചെക്‌പോസ്റ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെത്രേ.

കാത്തുനില്‍ക്കുന്നതിനിടെ ഉച്ചക്ക് ഒരുമണിയോടെ അമ്മ മരിച്ചതായി വിവരമെത്തി. ആശുപത്രി ബില്ലടക്കാനും മൃതദേഹം ഏറ്റുവാങ്ങാനുമായി കടത്തിവിടണമെന്നാവശ്യപ്പെട്ടെങ്കിലും അധികൃതര്‍ കനിഞ്ഞില്ല. അവസാനം ഓണ്‍ലൈന്‍ ആയാണ് പണം അടച്ചാണ് മൃതദേഹവുമായി ചെക്‌പോസ്റ്റിലെത്തിയത്.  

അപ്പോഴേക്കും സമയം വൈകീട്ട് 5.45 ആയിരുന്നു. ഈ സമയമത്രയും ചെക്‌പോസ്റ്റില്‍ രണ്ട് മക്കള്‍ക്കും കാത്തുനില്‍ക്കേണ്ടി വന്നു. ആശുപത്രിയിലേക്ക് തിരിച്ച് പോകാന്‍ അനുവദിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി ബില്ല് അടക്കാനുള്ള പണം സംഘടിപ്പിക്കാന്‍ നാട്ടിലേക്ക് മടങ്ങിയതെന്ന് മക്കള്‍ പറയുന്നു. അതേ സമയം മനുഷ്യത്വരഹിതമായ സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നാണ് ആരോപണം.

click me!