
തിരുവനന്തപുരം: രണ്ടുവർഷത്തെ ഇൻഷ്വറൻസ് പോളിസി പ്രീമിയം തുക കമ്പനിയിൽ അടയ്ക്കാതെ തട്ടിയെടുത്തതായി പരാതി. ആര്യനാട് കല്ലുവിളാകത്ത് വീട്ടിൽ ആർ.സുരേഷ് കുമാറിൽ നിന്നാണ് സ്റ്റാർ ഹെൽത്ത് ഏജൻസിയുള്ള ആര്യനാട് സ്വദേശികളായ എസ്.ഷീല, സതി, എസ്.രാജേന്ദ്രൻ എന്നിവർ പണം തട്ടിയതായി പരാതി ഉയരുന്നത്. സുരേഷ് കുമാർ കുടുംബത്തിന്റെ പേരിൽ ഇവരിൽ നിന്നും സ്റ്റാർ ഹെൽത്ത് പോളിസി എടുത്തിരുന്നു. ആദ്യമൊക്കെ കൃത്യമായി അടച്ചിരുന്നു. വർഷംതോറും പോളിസി പുതുക്കാൻ സമയമാകുമ്പോൾ എത്തി തുക വാങ്ങിപ്പോകുന്നതായിരുന്നു രീതി. എന്നാൽ അടുത്തിടെ ചികിത്സാ ആവശ്യത്തിന് ഏജന്റ് ഷീലയെ വിളിച്ചിട്ടും ഫോണെടുത്തില്ല. കൂടാതെ മറ്റു രണ്ട് പേരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. ആശുപത്രിയിലെത്തിയപ്പോഴാണ് കഴിഞ്ഞ രണ്ടു വർഷമായി ഇൻഷ്വറൻസ് തുക അടച്ചിട്ടില്ലെന്ന് വ്യക്തമായത്.
ചെക്ക് നൽകിയാൽ പണം മതിയെന്ന് ആവശ്യപ്പെടുമെന്നു വിശ്വാസമുള്ളതുകൊണ്ട് പണമായി തന്നെ നൽകിയിരുന്നെന്നും ആര്യനാട് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. സ്റ്റാർ ഹെൽത്തിന്റെ പ്രധാന ഏജന്റുമാരെന്നു കാട്ടി ബോർഡ് സ്ഥാപിച്ച് ഓഫീസ് തുറന്നായിരുന്നു പോളിസികൾ എടുപ്പിച്ചിരുന്നത്. പ്രദേശത്ത് നിരവധിപ്പേർ തട്ടിപ്പിനിരയായെന്നു പരാതി ഉയരുന്നുണ്ട്. പലർക്കും ലക്ഷങ്ങളാണ് നഷ്ടമായത്. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനൊരുങ്ങുകയാണ് പണം നഷ്ടമായവർ.