
ഇടുക്കി: ഇടുക്കിയിലെ ഏലതോട്ടങ്ങളിലേയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും കുട്ടികളെ ബാലവേലയ്ക്ക് എത്തിയ്ക്കുന്നതായി ആരോപണം. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി ജില്ലാ ഭരണകൂടവും, ശിശുക്ഷേമ സമിതിയും നടപടികള്‍ ആരംഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നും ദിവസേന വാഹനങ്ങളില്‍ എത്തുന്ന തൊഴിലാളികള്‍ക്കൊപ്പമാണ് ഏലത്തോട്ടത്തിലെ ജോലികള്‍ക്കായി കുട്ടികളേയും എത്തിയ്ക്കുന്നതെന്ന് ജില്ലാ പ്രസിഡന്‍റ് ജിജി കെ ഫിലിപ്പ് പറഞ്ഞു.
ആയിരകണക്കിന് തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ നിന്നും ഏലതോട്ടങ്ങളിലെ ജോലികള്‍ക്കായി ദിവസേന എത്തി മടങ്ങുന്നുണ്ട്. ഇവര്‍ക്കൊപ്പം കുട്ടികളും കടന്നു വരുന്നതായാണ് സൂചന. 12 നും 15 നും ഇടയില്‍ പ്രായമുള്ള കൌമാരക്കാരായ കുട്ടികളെ തോട്ടങ്ങളില്‍ പണിയെടുപ്പിയ്ക്കുന്നതായാണ് ജില്ലാ ഭരണകൂടത്തിന് വിവരം ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ തോട്ടങ്ങളില്‍ പരിശോധനയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ലെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. ആരോപണത്തില്‍ കഴമ്പുണ്ടോയെന്നറിയാനായി അടുത്ത ദിവസങ്ങളില്‍ പ്രദേശത്ത് പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ മാതാപിതാക്കള്‍ തോട്ടങ്ങളില്‍ ജോലിക്കായി പോകുമ്പോള്‍ വീടുകളില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ അവരെ തോട്ടങ്ങളിലേക്ക് കൂടെ കൂട്ടുന്നതാണെന്നും തോഴിലാളികള്‍ പറഞ്ഞു.
സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിംഗും ജില്ലാ പഞ്ചായത്തും നടപടികള്‍ ആരംഭിച്ചു. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി ചെക്‌പോസ്റ്റുകളില്‍ പ്രത്യേക പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടർ ഷീബാ ജോര്‍ജ് പറഞ്ഞു. തോട്ടം മേഖലകളിലേയ്ക്ക് ആരാണ് കുട്ടികളെ എത്തിയ്ക്കുന്നതെന്നും ഏതൊക്കെ തോട്ടങ്ങളില്‍ ബാല വേല നടക്കുന്നുവെന്നത് സംബന്ധിച്ചും പരിശോധനകള്‍ നടത്തും. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിയ്ക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.