ചാരുംമൂടിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് ടെസ്റ്റ് നടത്തുന്നതിൽ ഗുരുതര അനാസ്ഥയെന്ന് പരാതി, പ്രതിഷേധം

By Web TeamFirst Published Apr 17, 2021, 8:51 PM IST
Highlights

പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊവിഡ് ടെസ്റ്റ് നടത്തുന്നതിൽ മെഡിക്കൽ ആഫീസർ ഗുരുതരമായ അനാസ്ഥ കാട്ടുന്നതായി പരാതി.

ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊവിഡ് ടെസ്റ്റ് നടത്തുന്നതിൽ മെഡിക്കൽ ആഫീസർ ഗുരുതരമായ അനാസ്ഥ കാട്ടുന്നതായി പരാതി. കൊവിഡ് പരിശോധയ്ക്കെത്തിയ നാട്ടുകാർ ആരോഗ്യ കേന്ദ്രത്തിനുമുന്നിൽ പ്രതിഷേധിച്ചു. ഇന്നും ആർടിപിസിആർ ടെസ്റ്റിനായെത്തിയ നൂറോളം തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും നിരാശരായി മടങ്ങേണ്ടിവന്നു. 

രണ്ടു ദിവസം മുമ്പ് ഇവിടെ ജനപ്രതിനിധികളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരും കൊവിഡ് ടെസ്റ്റിന് എത്തി കാത്തിരുന്നിട്ടും അധികൃതരുടെ അനാസ്ഥ മൂലം കഴിഞ്ഞിരുന്നില്ലെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് പറഞ്ഞു. 

വെള്ളി, ശനി ദിവസങ്ങളിൽ പരമാവധി പേർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തുമെന്ന സർക്കാർ അറിയിപ്പിനെ തുടർന്നാണ് തൊഴിലുറപ്പ് തൊഴിലാളികളുൾപ്പെടെയുള്ളവർ ഇന്ന് രാവിലെ ആരോഗ്യ കേന്ദ്രത്തിലെത്തിയത്. എന്നാൽ മെഡിക്കൽ ഓഫീസർ സ്ഥലത്തുണ്ടായിരുന്നില്ല. ഡ്യൂട്ടി ഡോക്ടറും ചില ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.  

ഉച്ചവരെ കാത്തിരുന്നവർ പ്രതിഷേധിക്കാൻ തുടങ്ങി. ഇതോടെ ജനപ്രതിനിധികളും എത്തിച്ചേർന്ന് ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. രണ്ട് മണിയോടെ ക്രമീകരണം ഉണ്ടാകുമെന്ന് സബ് കളക്ടർ ജനപ്രതിനിധികളെ അറിയിച്ചെങ്കിലും കുറേസമയം കാത്തിരുന്ന ശേഷം ആളുകൾ മടങ്ങുകയായിരുന്നു. 

കൊവിഡ് ടെസ്റ്റ് നടത്തുന്നതിലും, വാക്ലിനേഷൻ നടത്തുന്നതിലും, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിലും മെഡിക്കൽ ഓഫീസർ സ്ഥിരം അനാസ്ഥ കാട്ടുന്നതായി ജനപ്രതിനിധകളും പരാതിപ്പെട്ടു. മെഡിക്കൽ ഓഫീസർക്കെതിരെ പരാതി നൽകുവാനൊരുങ്ങുകയാണ് ജനപ്രതിനിധികൾ.  

click me!