കാർ വീട്ടിലേക്ക് കയറ്റിയിടുന്നതിനിടെ സ്‌കൂട്ടറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഹെൽമറ്റ് വലിച്ചെറിഞ്ഞു, പിന്നാലെ ഭീകരാന്തരീക്ഷം; 2 പേർ പിടിയിൽ

Published : Sep 17, 2025, 08:25 AM IST
road rage attack thrissur

Synopsis

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തൃശൂരിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും വീട്ടുകാരെ ആക്രമിച്ചു. മാള പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള മുഹമ്മദ് ഷാഫി, നിരവധി കേസുകളിലെ പ്രതിയായ വിഷ്ണുപ്രസാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: സ്‌കൂട്ടറിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആക്രമണം നടത്തിയ സ്റ്റേഷന്‍ റൗഡിയും കൂട്ടാളിയും അറസ്റ്റില്‍. പഴുവില്‍ ചിറക്കല്‍ സ്വദേശി വിഷ്ണു പ്രസാദ് (23), മാള പൊലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ പേരുള്ള പുത്തന്‍ച്ചിറ പുളിയിലക്കുന്ന് സ്വദേശി മുഹമ്മദ് ഷാഫി (19) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്കുശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.

കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇരിങ്ങാലക്കുട കോണത്തുകുന്ന് ജനതാ കോര്‍ണര്‍ സ്വദേശിയായ പ്രകാശന്റെ വീട്ടിലേക്ക്, ചേട്ടന്റെ മകന്‍ ഷാന്‍ കാര്‍ കയറ്റിടാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയം പ്രതികള്‍ വന്നിരുന്ന സ്‌കൂട്ടറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഷാനുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതികള്‍ ഹെല്‍മെറ്റ് എടുത്ത് കാറിലേക്ക് എറിഞ്ഞു. 

ആദ്യം എസ്ഐ വന്നു, നിയന്ത്രിക്കാനായില്ല

ഇത് ഷാന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രകാശനെയും ഷാനിനെയും പ്രകാശന്റെ ബന്ധുവായ ലോഹിതാക്ഷന്‍ എന്നയാളെയും പ്രതികള്‍ അസഭ്യം പറയുകയും തീര്‍ത്തു കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പ്രകാശന്റെ കഴുത്തിനുനേരെ കത്തി വീശുകയും ചെയ്തു. പ്രതികള്‍ വിളിച്ച് വരുത്തിയ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്തേക്ക് വരുകയും ആയുധം ഉപയോഗിച്ച് ആക്രമിക്കാനൊരുങ്ങുകയും ഭീഷണിപ്പെടുത്തുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രകാശന്റെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അക്രമം കണ്ട് നാട്ടുകാര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 112ല്‍ വിളിച്ച് വിവരമറിയിച്ചതനുസരിച്ച് ഉടന്‍തന്നെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ എസ്.ഐയും സംഘവും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പ്രതികളേയും കുട്ടികളെയും നിയന്ത്രിക്കാനാവാത്തതിനാല്‍ കൂടുതല്‍ പൊലീസിനെ വിളിച്ച് വരുത്തിയതാണ് ഇവരെ ഇരിങ്ങാലക്കുട സ്റ്റേഷനിലെത്തിച്ചത്.

പിടിയിലായത് നിരവധി കേസുകളിലെ പ്രതികൾ

തുടര്‍ന്ന് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട മൂന്നു പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണെന്ന് മനസിലാക്കി മാതാപിതാക്കളെ വിളിച്ച് വരുത്തി അവരോടൊപ്പം അയക്കുകയായിരുന്നു. വിഷ്ണു പ്രസാദ് പുതുക്കാട്, തൃശൂര്‍ ഈസ്റ്റ്, തൃശൂര്‍ വെസ്റ്റ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കോങ്ങാട്, ഇടുക്കി നെടുംങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിധികളിലായി ഒരു വധശ്രമക്കേസിലും മയക്കുമരുന്ന് വില്‍പ്പനക്കായി സൂക്ഷിച്ച മൂന്ന് കേസുകളിലും, രണ്ട് അടിപിടിക്കേസുകളിലും മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് കേസുകളിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം ആകെ പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മുഹമ്മദ് ഷാഫി കൊടുങ്ങല്ലൂര്‍, മാള പൊലീസ് സ്റ്റേഷന്‍ പരിധികളിലായി മൂന്ന് അടിപിടി കേസുകളിലെ പ്രതിയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. കെ.ജെ. ജിനേഷ്, എസ്.ഐമാരായ എ.കെ. സോജന്‍, എം.ആര്‍.കൃഷ്ണപ്രസാദ്, പി.ആര്‍. ദിനേഷ് കുമാര്‍, കെ.എം. നാസര്‍, ജി.എസ്.ഐ. സതീശന്‍, മുഹമ്മദ് റാഷി, ജി.എ.എസ്.ഐ. ഷാബു, ഗോപകുമാര്‍, ജി.എസ്.സി.പി.ഒമാരായ അര്‍ജ്ജുന്‍, കമല്‍കൃഷ്ണ, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ