
കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ സൈറണ്‍ മുഴക്കത്തിൽ കൊമ്പ് കോർത്ത് മേയറും കളക്ടറും. ശബ്ദം കുറയ്ക്കുകയോ പകരം സംവിധാനമേർപ്പെടുത്തുകയോ ചെയ്തില്ലെങ്കിൽ സൈറണ്‍ കണ്ടുകെട്ടുമെന്ന് കളക്ടർ നിലപാടെടുത്തതോടെയാണ് തർക്കം. സൈറണ്‍ ആചാരമെന്നും ഒരു വിട്ടു വീഴ്ച്ചയ്ക്കില്ലെന്നുമാണ് കോർപ്പറേഷൻ കൗണ്‍സിൽ തീരുമാനം. 1965 മുതൽ സമയമറിയിക്കാൻ കണ്ണൂർ കോർപ്പറേഷൻ തുടങ്ങിയ പതിവാണ് ഇവിടെ തർക്ക വിഷയമായിട്ടുള്ളത്. രാവിലെയും വൈകീട്ടും ആറുമണിക്ക്, ഉച്ചയ്ക്ക് ഒരു മണിക്ക് എന്നീ സമയങ്ങളിലാണ് ഈ സൈറൺ മുഴക്കുന്നത്. സമയം ഡിജിറ്റലും സ്മാർട്ടുമായിട്ടും അത് തുടർന്നു, കണ്ണൂർ നഗരത്തിലെ ആചാരമായി. അതിരാവിലെ മുഴങ്ങുന്ന സൈറൺ തന്റെ ക്യാംപ് ഓഫിസിലെ ജീവനക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നായിരുന്നു കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ആദ്യം നൽകിയ പരാതി.
പരാതി കൗൺസിൽ ഐകകണ്ഠ്യേന തള്ളി. പിന്നീട് സൈറണ്‍ മുഴക്കം പരിസരവാസികൾക്കു പ്രയാസമുണ്ടാക്കുന്നുവെന്ന പരാതിയെത്തി. പരാതിയിൽ സിറ്റി പൊലീസ് കമ്മിഷണർ നൽകിയ റിപ്പോർട്ടിലാണ് കളക്ടറുടെ നടപടി. അനുവദനീയമായ പരിതിയിലല്ല മുഴക്കം, ശബ്ദം കുറയ്ക്കണം, അല്ലാത്ത പക്ഷം സൈറണ്‍ കണ്ടുകെട്ടും. നഗരത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഒറ്റക്കെട്ടായതോടെ കോർപ്പറേഷനും രാഷ്ട്രീയ വ്യത്യാസമില്ലെതെ ഒന്നിച്ചു. കണ്ണൂർ നഗരത്തിന് സൈറണ്‍ വേണമെന്ന നിലപാടിലാണ് കോർപ്പറേഷനുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam