
ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിൽ ശുചിമുറി മാലിന്യം റോഡിൽ ഒഴുക്കുന്നുവെന്ന് പരാതി. സംഭവത്തെ തുടർന്ന് നാട്ടുകാരും യാത്രക്കാരും ദുരിതത്തിൽ. ഗവ.ഡി.വി.എച്ച്.എസ് ചാരമംഗലം ഹൈസ്കൂൾ പള്ളിക്കവല ബേക്കറി ജംഗ്ഷൻ റോഡിലാണ് രാത്രിയുടെ മറവിൽ മാലിന്യം ഒഴുക്കുന്നത്. റോഡിന് പടിഞ്ഞാറ് ആളൊഴിഞ്ഞ പുരയിടത്തിൽ ദിവസേന നിരവധി ലോറികളിൽ എത്തി മാലിന്യം തള്ളുന്നത് മൂലം യാത്രക്കാരുൾപ്പെടെയുള്ളവർ മൂക്കു പൊത്തി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്.
ഡി. വി. എച്ച്. എസിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ കടന്നു പോകുന്ന റോഡാണിത്. കഴിഞ്ഞ ദിവസം സൈക്കിളിൽ സ്കൂളിലേയ്ക്ക് പോയ വിദ്യാർത്ഥി റോഡിൽ തെന്നി വീണ് ശുചിമുറി മാലിന്യത്തിൽ വീണ സംഭവവും ഉണ്ടായി. പ്രദേശവാസികൾ എത്തി കുളിപ്പിച്ച് കുട്ടിയെ വീട്ടിലേയ്ക്ക് തിരിച്ചയക്കുകയായിരുന്നു. മഴക്കാലമെത്തുന്നതോടെ മാലിന്യങ്ങൾ സമീപത്തെ ജലസ്രോതസുകളിലേക്കും വ്യാപിച്ച് പകർച്ച വ്യാധികൾക്കും കാരണമാകും. കഞ്ഞിക്കുഴി പഞ്ചായത്തിലും മാരാരിക്കുളം പൊലീസിലും വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അകമ്പടി വാഹനത്തോടെയാണ് ശുചിമുറി മാലിന്യ വണ്ടികൾ എത്തുന്നത്. ആയുധധാരികളായ സംഘം ആദ്യമെത്തി സ്ഥലത്തെ വിവരം ലോറി ഡ്രൈവർമാർക്ക് കൈമാറിയ ശേഷം കൂട്ടത്തോടെയെത്തിയാണ് മാലിന്യം തള്ളുന്നത്. ജീവൻ ഭയന്ന് പ്രതിരോധിക്കാൻ കഴിയാതെ നാട്ടുകാർ നിസഹായരാണ്. സമീപത്തെ കയർ കറ്റുമതി സ്ഥാപനം സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകളും തകർത്ത നിലയിലാണ്. രാത്രി കാലത്ത് പെട്രോളിംഗ് ഡ്യൂട്ടിയിൽ പൊലീസിനെ കണ്ടിട്ട് നാളുകളേറേയായെന്നും പ്രദേശവാസികൾ പറയുന്നു. പൊലീസിന്റെ ഒത്താശയോടെയാണോയെന്ന സംശയവും നാട്ടുകാർ ഉയർത്തുന്നുണ്ട്. ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
മദ്യലഹരിയില്‍ വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് യാത്രികനെ ഇടിച്ചു, നിര്‍ത്താതെ പോയി; പരാതി