
കൽപ്പറ്റ: വയനാട്ടിലെ നാല് തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍.
ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഇന്ന് (ജൂലൈ 29) രാത്രി 12 മണി മുതല്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ ആറ് മണി വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളില്‍ നിന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ യാതൊരുവിധ യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവില്‍ വ്യക്തമാക്കി.
മെഡിക്കല്‍ അത്യാവശ്യങ്ങള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അത്യാവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം എന്നിവ മാത്രമാണ് ഈ മേഖലയില്‍ അനുവദിക്കുക.
ഈ പ്രദേശങ്ങളില്‍ ശവസംസ്‌ക്കാരത്തിന് 5 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. മറ്റ് യാതൊരു ആഘോഷങ്ങളും പരിപാടികളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ക്കായുള്ള കൂടിച്ചേരലുകളും ഈ കാലയളവില്‍ അനുവദിക്കില്ല.
അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍, പെട്രോള്‍ പമ്പുകള്‍, വില്‍പന കേന്ദ്രങ്ങള്‍ എന്നിവ കുറഞ്ഞ തൊഴിലാളികളെ വെച്ച് മാത്രമേ പ്രവര്‍ത്തിക്കാവു.
വീടുകളില്‍ തന്നെ ആളുകള്‍ കഴിയേണ്ടതിനാല്‍ അവശ്യ വസ്തുക്കളും മരുന്നുകളും ആളുകള്‍ക്ക് എത്തിച്ച് നല്‍കുന്നതിനായി ഗ്രാമപഞ്ചായത്തിലും, മാനന്തവാടി മുനിസിപ്പാലിറ്റിയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam