
ഹരിപ്പാട്: വീട് നിർമ്മാണ തൊഴിലാളിയായി (Construction Worker) കേരളത്തിൽ എത്തിയ തമിഴ്നാട് സ്വദേശിയായ (Tamil nadu) യുവാവിനെ കാണാനില്ലെന്ന പരാതിയുമായി (Missing Complaint) കുടുംബം. കന്യാകുമാരി മുട്ടക്കാട് വലിയപറമ്പിൽ ടി സേവ്യർ(34) നെയാണ് (T Xavior) കഴിഞ്ഞ ഒക്ടോബർ 14 മുതൽ കാർത്തികപള്ളിയിൽ നിന്ന് കാണാതായത്. കന്യാകുമാരി സ്വദേശിയായ ലോറൻസ് എന്ന കരാറുകാരന്റെ ജീവനക്കാരനായിരുന്നു സേവ്യർ. കാർത്തികപ്പള്ളി വലിയകുളങ്ങര ക്ഷേത്രത്തിൽ വടക്ക് ലോറൻസ് ഒരു വീടിന്റെ നിർമ്മാണം ഏറ്റെടുത്തു നടത്തുന്നുണ്ട്.
സേവ്യർ ഇവിടെ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു. സംഭവ ദിവസം വൈകുന്നേരം മറ്റൊരു തൊഴിലാളിയായ സജിത്തിനോടൊപ്പം രാത്രിയിൽ പുറത്തു പോയി ഭക്ഷണം കഴിച്ചു മടങ്ങി വന്നതാണ് സേവ്യർ. പിന്നീട് സജിത്ത് നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങാനായി പോയി. സേവ്യർ താഴത്തെ ഷെഡ്ഡിലാണ് ഉറങ്ങിയത് എന്നാണ് സജിത്ത് കരുതിയത്. പിന്നീട് രാവിലെയാണ് സേവ്യറെ കാണാനില്ല എന്നുള്ള വിവരം അറിയുന്നത്.
തുടർന്ന് തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. സംഭവദിവസം രാത്രി എട്ടരയോടെ സേവ്യർ ഭാര്യയെ ഫോണിൽ വിളിച്ച് സംസാരിച്ചതാണ്. എന്നാൽ, പിറ്റേ ദിവസം രാവിലെ ഭാര്യ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് കരാറുകാരനായ ലോറൻസിനെ ഫോൺ ചെയ്തപ്പോഴാണ് സേവ്യറിനെ തലേദിവസം രാത്രി മുതൽ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. പതിനാറാം തീയതി രാവിലെ സേവ്യറിന്റെ കുടുംബം തൃക്കുന്നപ്പുഴ സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. ഇപ്പോൾ 34 ദിവസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല.
സേവ്യറിന്റെ ഭാര്യ സുജ, മക്കളായ ശാലിനി (8), സജിൻ സേവ്യർ (2), മാതാവ് ലീല എന്നിവരാണ് കഴിഞ്ഞ ദിവസം വീണ്ടും പൊലീസ് സ്റ്റേഷനിൽ എത്തിയത്. സേവ്യറെ കാണാതായ ദിവസം മുതൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തനായിട്ടില്ല എന്നാണ് തൃക്കുന്നപ്പുഴ പൊലീസ് പറയുന്നത്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam