അതിരുകടന്ന വിജയാഹ്ളാദം, കുട്ടികളുടെ നേര്‍ക്ക് പടക്കം പൊട്ടിച്ചെറിഞ്ഞു; ചോദ്യംചെയ്തവര്‍ക്ക് കോണ്‍ഗ്രസുകാരുടെ മര്‍ദ്ദനം

By Web TeamFirst Published May 25, 2019, 8:29 PM IST
Highlights

വ്യാഴാഴ്ച വൈകുന്നേരം കരഘോഷത്തോടെ വീട്ടിനുമുന്നിലെത്തിയ പ്രവര്‍ത്തകര്‍ വീടിന്റെ മുമ്പിലേക്ക് പടക്കം പൊട്ടിച്ചെറിയുകയായിരുന്നു. ഈ സമയം മുറ്റത്ത് സുഭാഷിന്റെ മകന്‍ കളിക്കുന്നുണ്ടായിരുന്നു. നിലവിളിച്ച് വീട്ടില്‍ ഓടിക്കയറിയതോടെയാണ് സംഭവം മാതാപിതാക്കള്‍ അറിയുന്നത്

ഇടുക്കി: മൂന്നാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനം അതിരുവിട്ടു. പ്രകടനം നടത്തിവര്‍ കുട്ടികളുടെ ദേഹത്തേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞത് ചോദ്യംചെയ്ത മാതാപിക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. രണ്ടിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കൊരണ്ടിക്കാടിലും പോതമേടിലുമാണ് ഡിന്‍ കൂര്യാക്കോസ് വിജയിച്ചതിന്റെ ഭാഗമായി നടന്ന ആഹ്‌ളാദ പ്രകടനം അതിരുവിട്ടത്. കൊരണ്ടിക്കാട്ടില്‍ കുട്ടികളുടെ ദേഹത്തേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞത് ചോദ്യംചെയ്ത മാതാപിതാക്കളെ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചെന്നാണ് പരാതി. സുഭാഷിന്റെ ഭാര്യ കാഞ്ചന,  ജേഷ്ടന്റെ  ഭാര്യ ലക്ഷ്മി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സതേടി. ഇവരുടെ വാഹനത്തിന്റെ ചില്ലുകള്‍ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു.

വ്യാഴാഴ്ച വൈകുന്നേരം കരഘോഷത്തോടെ വീട്ടിനുമുന്നിലെത്തിയ പ്രവര്‍ത്തകര്‍ വീടിന്റെ മുമ്പിലേക്ക് പടക്കം പൊട്ടിച്ചെറിയുകയായിരുന്നു. ഈ സമയം മുറ്റത്ത് സുഭാഷിന്റെ മകന്‍ കളിക്കുന്നുണ്ടായിരുന്നു. നിലവിളിച്ച് വീട്ടില്‍ ഓടിക്കയറിയതോടെയാണ് സംഭവം മാതാപിതാക്കള്‍ അറിയുന്നത്. പുറത്തിറങ്ങി സംഭവം ചോദ്യം ചെയ്തതോടെ ജഗന്‍, യൗസേപ്പ്, ചരണ്‍ എന്നിവര്‍ സുഭാഷിനെയും ഭാര്യ കാഞ്ചനെയും തള്ളിയിട്ടു. തുടര്‍ന്ന് വീട്ടിനുള്ളില്‍ കയറിയും ആക്രമിച്ചു.

നിലവിളി ശബ്ദംകേട്ട് ഓടിയെത്തിയ ജേഷ്ടന്റെ ഭാര്യ ലക്ഷ്മിയേയും സംഘം ആക്രമിച്ചു. പോതമേട്ടില്‍ ആഹ്‌ളാദ പ്രകടനത്തിനിടെ എത്തിയ സി പി എം പ്രവര്‍ത്തകരെയും സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചതായി പരാതിയുണ്ട്. ഞാനമുത്തുവിന്റെ മകന്‍ മനു, മൂക്കയ്യ മകന്‍ മണി, പളനി മകന്‍ ജഗദീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

click me!