
കോട്ടയം: ഭരണകക്ഷിയിലെ അംഗങ്ങൾ തന്നെ മറിച്ച് കുത്തിയതോടെ പാലായിൽ രാജ്യത്തെ പ്രായംകുറഞ്ഞ നഗരസഭ ചെയർപേഴ്സൺ പുറത്ത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ പാസായതോടെ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിന് പദവി തെറിച്ചു. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നെങ്കിലും പാർട്ടി തീരുമാനത്തിന് പുല്ല് വില കൽപ്പിച്ച് ഭരണപക്ഷത്തുളള 4 കോൺഗ്രസ് അംഗങ്ങൾ ജില്ലാ കമ്മിറ്റിയുടെ നിർദേശം മറികടന്ന് എൽഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണം ഉണ്ടാകുമെന്നാണ് അവിശ്വാസത്തെ പിന്തുണച്ച കൌൺസിലർമാർ അവകാശപ്പെടുന്നത്.
26 കൗൺസിലർമാരിൽ 17 പേർ ഇന്ന് കൗൺസിലിൽ യോഗത്തിൽ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗൺസിലർമാർ, 4 കോൺഗ്രസ് അംഗങ്ങൾ, 1 സ്വാതന്ത്ര അംഗം എന്നിവരാണ് വോട്ട് ചെയ്തത്. അവിശ്വാസത്തെ പിന്തുണക്കരുതെന്ന് കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നെങ്കിലും വോട്ടെടുപ്പിൽ പങ്കെടുത്ത 4 അംഗങ്ങളും അത് അനുസരിച്ചില്ല. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, വിജിത പ്രസാദ്, ലിസിക്കുട്ടി എന്നിവരാണ് വിപ്പ് ലംഘിച്ച് അവിശ്വാസത്തെ പിന്തുണച്ചത്. വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു.
പാർട്ടി നേതൃത്വത്തിനോട് ബഹുമാനമുണ്ട്. പാർട്ടി നേതൃത്വത്തോട് എല്ലാ പ്രശ്നങ്ങളും ബോധിപ്പിച്ചതാണ്. പാർട്ടി തന്ന വിപ്പ് താൻ കണ്ടിട്ടില്ല. വിപ്പ് കൈപ്പറ്റിയിട്ടില്ലെന്നും കോൺഗ്രസിന്‍റെ വികാരം നേതാക്കൾ മനസിലാക്കുമെന്നുമാണ് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ പ്രതികരിച്ചത്. നഗരസഭാധ്യക്ഷ ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയിൽ ഭരണപക്ഷത്ത് വിള്ളലുണ്ടായത്. കോൺഗ്രസാണ് ദിയക്കെതിരെ ആദ്യം രംഗത്ത് വന്നത്. ഈ രാഷ്ട്രീയ സാഹചര്യം തങ്ങൾക്കനുകൂലമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പുതിയ രാഷ്ട്രീയ സാഹചര്യച്ചിൽ പ്രതിപക്ഷത്തിനൊപ്പമുള്ള കേരള കോൺഗ്രസ് എമ്മിനൊപ്പം ഇനി കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ചേർന്ന് പ്രവർത്തിക്കുമോ എന്നാണ് അറിയേണ്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam