
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രംഗത്ത്. അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നും താൻ അദ്ദേഹത്തിനൊപ്പമാണെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കിയത്.
രാഹുലിനെതിരെ ഉയർന്ന പരാതികളിൽ പലയിടത്തും സംശയമുണ്ടെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറയുന്നു. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്ന് അവർ ചോദിക്കുന്നു.
സ്ത്രീകൾ കുടുംബബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും വിവാഹിതരാണെങ്കിൽ ആ ബന്ധത്തിന്റെ വില കൽപ്പിക്കണമെന്നും അവർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ കുറ്റക്കാരനാണോ എന്ന് കോടതി തീരുമാനിക്കട്ടെ എന്നാണ് ശ്രീനാദേവിയുടെ നിലപാട്. മാധ്യമങ്ങൾ ഇല്ലാത്ത കഥകൾ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം. കുടുംബം ഒരാൾക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട്. എന്നാൽ രണ്ടുപേർക്കും ഒരേ പരിഗണനയല്ല ലഭിക്കുന്നത്. അതിജീവിതന്മാർക്കൊപ്പം നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതുകൊണ്ടാകാം പോലീസ് അറസ്റ്റ് ചെയ്തതെന്നും എന്നാൽ സത്യം പുറത്തുവരുന്നത് വരെ രാഹുൽ ക്രൂശിക്കപ്പെടരുത് എന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ സിപിഐ വിട്ട് കോൺഗ്സിലെത്തിയ ശ്രീനാദേവി മുൻപും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam