
മലപ്പുറം:വെറുമൊരു യാത്രയല്ല, അച്ഛന്റെ വിരൽ തുമ്പിൽ പിടിച്ച് നടക്കുന്നത് പോലെ തോന്നുന്നുവെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സ്മിജി. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ഏറ്റുവാങ്ങിക്കൊണ്ടുള്ള മുസ്ലിം ലീഗ് യുവ നേതാവിന്റെ വൈകാരിക പ്രതികരണം വൈറലാവുന്നു. മാറ്റമില്ലാത്തത് ഈ കാറിനും ഇതിനുള്ളിലെ അച്ഛന്റെ ഓർമ്മകൾക്കും മാത്രമെന്നാണ് സ്മിജി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. 2015ൽ അച്ഛൻ സഞ്ചരിച്ച അതേ വഴിയിലൂടെ, അതേ സീറ്റിലിരുന്ന് ഇന്ന് ഞാൻ യാത്ര ചെയ്യുമ്പോൾ, അത് വെറുമൊരു യാത്രയല്ല അച്ഛന്റെ വിരൽത്തുമ്പിൽ പിടിച്ച് നടക്കുന്നത് പോലെയാണ് തോന്നുന്നതെന്നാണ് സ്മിജി കുറിക്കുന്നത്.
"അന്ന് അച്ഛൻ; ഇന്ന് ഞാൻ. മാറ്റമില്ലാത്തത് ഈ കാറിനും ഇതിനുള്ളിലെ അച്ഛന്റെ ഓർമ്മകൾക്കും മാത്രം."
വർഷങ്ങൾക്കു മുൻപ്, മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മുറ്റത്ത് അച്ഛൻ (എ.പി. ഉണ്ണികൃഷ്ണൻ) ഈ കാറിൽ വന്നിറങ്ങുമ്പോൾ ആ മുഖത്തുണ്ടായിരുന്ന പുഞ്ചിരിയും നാടിനോടുള്ള കരുതലും ഇന്നും എന്റെ മനസ്സിലുണ്ട്. 2015-ൽ അച്ഛൻ സഞ്ചരിച്ച അതേ വഴിയിലൂടെ, അതേ സീറ്റിലിരുന്ന് ഇന്ന് ഞാൻ യാത്ര ചെയ്യുമ്പോൾ, അത് വെറുമൊരു യാത്രയല്ല; അച്ഛന്റെ വിരൽത്തുമ്പിൽ പിടിച്ച് നടക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.
ഇതിനെല്ലാം കടപ്പാട് എന്നെ രണ്ട് കൈ നീട്ടി സ്വീകരിച്ച നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി എന്നെ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനങ്ങളായ നിങ്ങളോടും എന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അച്ഛൻ നെഞ്ചോട് ചേർത്തുപിടിച്ച പാണക്കാട് കുടുബത്തോടും എന്റെ പാണക്കാട് തങ്ങളോടും പികെ കുഞ്ഞാലിക്കുട്ടി സാഹിബിനോടും എൻറെ പാർട്ടിയോടും പാർട്ടിയിലെ സഹപ്രവർത്തകരോടുമാണ് ………
ഔദ്യോഗിക വാഹനം ഇന്ന് ഏറ്റുവാങ്ങിയപ്പോൾ ……….
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam