'ഉത്തരമലബാറിലെ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട'; ഇടുക്കിയിൽ കോൺഗ്രസ് - ലീഗ് തർക്കം പരസ്യ പോരിലേക്ക്

Published : Aug 14, 2024, 10:42 PM IST
'ഉത്തരമലബാറിലെ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട';  ഇടുക്കിയിൽ കോൺഗ്രസ് - ലീഗ് തർക്കം പരസ്യ പോരിലേക്ക്

Synopsis

ഇടുക്കി ഡിസിസി പ്രസിഡൻ്റിനെ കോൺഗ്രസ് നേതൃത്വം നിലയ്ക്ക് നിർത്തണമെന്നും അനുരഞ്ജനത്തിന്റെ അവസാന സാധ്യതകൾ ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തെ തള്ളിപ്പറയണമെന്നും മുസ്ലിം ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

തൊടുപുഴ: ഭിന്നത രൂക്ഷമായി പരസ്യ പോരിലേക്ക് നീണ്ട് ഇടുക്കിയിൽ കോൺഗ്രസ് - മുസ്ലിം ലീഗ് തർക്കം. സോഷ്യൽ മീഡിയയിലും അല്ലാതെയും പ്രവർത്തകരും നേതാക്കളും വാക്പോര് തുടരുന്നതിനിടെ ലീഗിനെതിരെ ശക്തമായ ആരോപണവുമായി ഡിസിസി പ്രസിഡന്റ് രംഗത്തു വന്നു. ഇതിന് പിന്നാലെ മറുപടിയുമായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റും രംഗത്ത് വന്നതോടെ ഇടുക്കിയിലെ യു.ഡി.എഫിൽ ഭിന്നത കൂടുതൽ രൂക്ഷമായി. സിപിഎമ്മും ലീഗും നടത്തുന്നത് കൂട്ടുകച്ചവടമാണെന്നും മൂന്നുമാസം വിദേശത്തായിരുന്ന മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷൂക്കൂർ എൽ.ഡി.എഫുമായി ഡീൽ ഉറപ്പിച്ച ശേഷമാണ് ചെയർമാൻ തിരഞ്ഞെടുപ്പിന് തലേന്ന് നാട്ടിലെത്തിയതെന്നും ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു ആരോപിച്ചു.

ഉത്തര കേരളത്തിലെ ഉമ്മാക്കി കാട്ടി ലീഗ് തൊടുപുഴയിലെ ജനാധിപത്യ വിശ്വാസികളെ പേടിപ്പിക്കരുത്. ലീഗിന്റെ ഭീഷണിയൊന്നും കോൺഗ്രസിനോട് വേണ്ട. അടുത്ത തവണ ലീഗ് സ്വതന്ത്രമായി മത്സരിച്ച് വിജയിക്കട്ടെ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും ജില്ലയിലെ കോൺഗ്രസ് നേതൃത്വം തയാറല്ല. വിവരങ്ങൾ കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചിട്ടുണ്ടെന്നും സി.പി. മാത്യു പറഞ്ഞു. പത്രസമ്മേളനത്തിൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷിബിലി സാഹിബ്, ചാർളി ആന്റണി, തോമസ് മാത്യു കക്കുഴിയിൽ, ജോസ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു. പിന്നാലെ ലീ​ഗും രം​ഗത്തെത്തി.  

ഇടുക്കി ഡിസിസി പ്രസിഡൻ്റിനെ കോൺഗ്രസ് നേതൃത്വം നിലയ്ക്ക് നിർത്തണമെന്നും അനുരഞ്ജനത്തിന്റെ അവസാന സാധ്യതകൾ ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തെ തള്ളിപ്പറയണമെന്നും മുസ്ലിം ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് ഇടുക്കി ഡിസിസി പ്രസിഡൻ്റ് സിപി മാത്യു നടത്തിയ പത്രസമ്മേളനം സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതും രാഷ്ട്രീയ മര്യാദ പ്രകടിപ്പിക്കാത്തതുമാണ്. മുസ്ലിംലീഗിന് അവകാശപ്പെട്ട വിഹിതം മാത്രമാണ് ലീഗ് ചോദിച്ചതെന്നും ലീഗിൽ നിന്നുള്ള കൗൺസിലറെ അടർത്തിയെടുത്ത് ലീഗിനെ തോൽപ്പിച്ച് വിജയിക്കാൻ ശ്രമിച്ച കോൺഗ്രസിനുള്ള തിരിച്ചടിയായിട്ടാണ് മുസ്ലിം ലീഗ് വോട്ട് ചെയ്തത്.  ഇത്തരത്തിലാണ് മുന്നോട്ടുപോകാൻ ആലോചിക്കുന്നതെങ്കിൽ അതേ അർത്ഥത്തിൽ തിരിച്ചടിക്കാൻ മുസ്ലിം ലീഗിന് കഴിയും എന്നും ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എൻഎസ്എസ്, എസ്എൻഡിപി വിമർശനത്തിനിടെ പെന്തകോസ്ത സഭാ വാർഷിക കൺവെൻഷനിൽ പങ്കെടുത്ത് വി ഡി സതീശൻ
9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27-കാരന് 80 വർഷം കഠിനതടവും പിഴയും; വിധി നിലമ്പൂർ പോക്സോ കോടതിയുടേത്