'എടക്കല്‍ ഗുഹ വില്‍പ്പന ചരക്കാക്കരുത്'; സംരക്ഷണം തേടി പ്രകൃതിസംരക്ഷണ സമിതി സുപ്രീംകോടതിയിലേക്ക്

By Web TeamFirst Published Apr 23, 2020, 2:23 PM IST
Highlights

ശിലായുഗ കാലത്തെ ശേഷിപ്പെന്ന് ചരിത്രകാരന്‍മാര്‍ അംഗീകരിച്ച എടക്കല്‍ഗുഹ ഇന്ന് നാശത്തിന്റെ വക്കിലാണ്...

കല്‍പ്പറ്റ: കഴിഞ്ഞ പ്രളയകാലത്തെ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് സുരക്ഷാഭീഷണി നേരിടുന്ന അമ്പുകുത്തി മലയും ഇവിടെ സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള എടക്കല്‍ ഗുഹയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീംകോടതിയെ സമീപിക്കും. ശിലായുഗ കാലത്തെ ശേഷിപ്പെന്ന് ചരിത്രകാരന്‍മാര്‍ അംഗീകരിച്ച എടക്കല്‍ഗുഹ ഇന്ന് നാശത്തിന്റെ വക്കിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ്  ക്വാറിമാഫിയയുടെ പിടിയിലായിരുന്നു മല. 

എന്നാല്‍ നിരവധി കാലത്തെ സമരങ്ങള്‍ക്ക് ശേഷം ഇതിന് അറുതി വന്നെങ്കിലും ഇന്ന് റിസോര്‍ട്ട് മാഫിയയുടെ അനധികൃത പ്രവര്‍ത്തനങ്ങളാണ് മലക്ക് ചുറ്റും നടക്കുന്നത്. 1986-ല്‍ അമ്പുകുത്തി മലനിരകളില്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് പ്രകൃതി സംരക്ഷണസമിതി പ്രക്ഷോഭമാരംഭിച്ചത്. ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെച്ച അന്നത്തെ ജില്ല കലക്ടര്‍ രവീന്ദ്രന്‍ തമ്പിയെ സ്ഥലമാറ്റുകയും പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഈ മലനിരകളിലെ ക്വാറികള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. 

അതീവ പ്രാധാന്യമുള്ള എടക്കല്‍ ഗുഹ പുരാവസ്തുവകുപ്പ് എറ്റെടുക്കണമെന്ന് കൂടി സമിതി ആവശ്യപ്പെടുന്നു. അമ്പുകുത്തി മലനിരയിലെ മരംമുറിയും അനധികൃത നിര്‍മാണവും നിരോധിച്ച് എടക്കല്‍ ഗുഹ സംരക്ഷിത മേഖലയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരും ഡി.ടി.പി.സിയും വിനോദസഞ്ചാരത്തിന്റെ പേരില്‍ ഗുഹയെ വില്‍പ്പനച്ചരക്കാക്കുകയാണെന്ന് സമിതി ആരോപിച്ചു.

കൈയേറ്റക്കാര്‍ എടക്കല്‍ഗുഹയ്ക്കു ചുറ്റും പട്ടയം സമ്പാദിച്ചു. റിസോര്‍ട്ടുകളുടെയും വലിയ കെട്ടിടങ്ങളുടെയും നിര്‍മാണം നിര്‍ബാധം തുടരുന്നു. മലയില്‍ ചെങ്കുത്തായ ചെരിവിലൂടെ റോഡുവെട്ടി. കഴിഞ്ഞ പ്രളയകാലത്ത് അമ്പുകുത്തിമലയില്‍ ഉണ്ടായ മണ്ണിടിച്ചിലിന് കാരണം ഇത്തരത്തിലുള്ള പ്രവൃത്തികളാണ്. മലയില്‍ ഭൂമിവിണ്ടുകീറി. ഈയവസ്ഥ തുടര്‍ന്നാല്‍ വൈകാതെ എടക്കല്‍ഗുഹ നാമാവശേഷമാകുമെന്ന് സമിതി പ്രസിഡന്റ് എന്‍. ബാദുഷ പറഞ്ഞു. ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധനത്തെ തുടര്‍ന്ന് ഏറെ വിമര്‍ശിക്കപ്പെട്ട സംഘടന കൂടിയാണ് പ്രകൃതി സംരക്ഷണ സമിതി. പുതിയ പരാതിയുമായി സംഘടന പരമോന്നത കോടതിയെ സമീപിക്കുന്നത് വരുംനാളുകളില്‍ ജില്ലയില്‍ വലിയ ചര്‍ച്ചയായേക്കും. 

click me!