ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും നിര്‍മ്മാണം പൂര്‍ത്തിയാകാതെ ഇടുക്കി പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി

By Web TeamFirst Published Jun 29, 2021, 4:03 PM IST
Highlights

അറുപത് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പള്ളിവാസല്‍ എക്‌സറ്റന്‍ഷന്‍ സ്‌കീമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 2007ലാണ്. 2011 മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യുന്നതിനായിരുന്നു പദ്ധതി.

ഇടുക്കി; ഒരുപതിറ്റാണ്ട് പിന്നിട്ടിട്ടും നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഇടുക്കി പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിനിര്‍മ്മാണം വൈകിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തുന്നുവെന്ന് ആരോപണം. നിലവില്‍ ടണല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും പവ്വര്‍ ഹൗസിലെ മെഷീൻ സ്ഥാപിക്കുന്നതിന് ചൈനീസ് എഞ്ചീനിയര്‍മാരുടെ സഹായം വേണമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ ഇറക്കുമതി ചെയ്ത മെഷീനുകളുടെ ഗ്യാരണ്ടി കാലാവധി കഴിഞ്ഞതിനാല്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ എത്തില്ല. ഇക്കാരണത്താല്‍ കോടികള്‍ വിലവരുന്ന പുതിയ മെഷീൻ ഇറക്കുമതി ചെയ്ത് കമ്മീഷന്‍ വാങ്ങാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം.

അറുപത് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പള്ളിവാസല്‍ എക്‌സറ്റന്‍ഷന്‍ സ്‌കീമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 2007ലാണ്. 2011 മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ ഉദ്യോഗസ്ഥ അലംഭാവത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീണ്ടു. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ കോടികളുടെ മെഷീനുകളടക്കം നശിക്കുന്ന സാഹചര്യത്തില്‍ 2018ല്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും പുനരാരംഭിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. 

ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഏറെ പ്രധാനപ്പെട്ട ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇനി ബാക്കിയുളളത് പവ്വര്‍ ഹൗസിനുളളില്‍ ജനറേറ്ററും ടര്‍ബ്ബിനും സ്ഥാപിക്കുകയെന്നതാണ്. എന്നാല്‍ ഇതിനായി ഇറക്കുമതി ചൈനയില്‍ നിന്നും ചെയ്തിരിക്കുന്ന മുപ്പത് മെഗാവാട്ടിന്റെ രണ്ട് മെഷീനുകളില്‍ ഒരെണ്ണം ചൈനീസ് എഞ്ചീനിയര്‍മാര്‍ രണ്ടായിരത്തി പത്തില്‍ സ്ഥാപിക്കുകയും ചെയ്തു. ബാക്കിയുള്ള ഒരുമിഷിയന്‍ സ്ഥാപിക്കുന്നതിന് ചൈനീസ് എഞ്ചീനീയര്‍മാരുടെ സഹായം വേണമെന്നാണ് നിലവില്‍ ഉദയോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പദ്ധതി വൈകിയതിനൊപ്പം ഗ്യാരണ്ടിയും ഡിഫക്ട് ലയബിലിറ്റി പീരിയ‍ഡും കഴിഞ്ഞ മെഷീൻ സ്ഥാപിക്കാന്‍ ചൈനീസ് എഞ്ചിനീയര്‍മാരുടെ സേവനം ലഭിക്കില്ല. ഇക്കാരണത്താല്‍ നാനൂറ് കോടിയോളം വിലവരുന്ന പുതിയ മെഷീൻ ഇറക്കുമതി ചെയ്ത് ഇതിന്റെ കമ്മീഷന്‍ പറ്റുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പള്ളിവാസല്‍ പദ്ധതിയുടെ മുന്‍ പ്രോജക്ട് മാനേജര്‍ ജേക്കബ് ജോസ് പറഞ്ഞു.

1940ല്‍ സ്ഥാപിച്ച പഴയ പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ പലപ്പോഴും ചോര്‍ച്ചയും ഉണ്ടാകാറുണ്ട്. വലിയ അപകട ഭീഷണി ഉയര്‍ത്തുന്ന പൈപ്പുകള്‍ മാറ്റുന്നതിനും നിലവിലെ എക്സ്റ്റന്‍ഷന്‍ പദ്ധതി പൂര്‍ത്തിയാകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പദ്ധതി വൈകുന്നതിനെതിരേ നാട്ടുകാരും പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!