വിദ്യാധിരാജ സ്മാരകനിർമ്മാണം വിവാദത്തിൽ; തർക്കസ്ഥലമാണെന്ന് റവന്യൂ സെക്രട്ടറി

By Web TeamFirst Published Feb 21, 2020, 12:12 PM IST
Highlights

തർക്കസ്ഥലമാണെന്ന് സർക്കാർ വ്യക്തമാക്കുന്ന ഭൂമിയിലാണ് ചട്ടമ്പിസ്വാമിയുടെ സ്മാരകം നിർമ്മിക്കുമെന്നുള്ള പ്രഖ്യാപനം വന്നത്. റവന്യവകുപ്പ് വിദ്യാധിരാജ സഭയുടെ വിശദീകരണം കേൾക്കുന്നതിനിടെയാണ് ഇവിടെ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ശിലാസ്ഥാപനചടങ്ങിന്റെ പ്രഖ്യാപനം

തിരുവനന്തപുരം: മുഖ്യമന്ത്രി ശിലാസ്ഥാപനം കർമ്മം നിർവഹിക്കാനിരിക്കുന്ന വിദ്യാധിരാജ സ്മാരകനിർമ്മാണം വിവാദത്തിൽ. തീർത്ഥപാദ മണ്ഡപത്തിലെ 65 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് മുൻപാണ് ഈ നീക്കമെന്നാണ് ആരോപണം. നിർമ്മാണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് റവന്യൂ സെക്രട്ടറി വ്യക്തമാക്കുമ്പോൾ ഹൈക്കോടതി വിധി അനുകൂലമെന്നാണ് വിദ്യാധിധാജ സഭയുടെ വിശദീകരണം.

തർക്കസ്ഥലമാണെന്ന് സർക്കാർ വ്യക്തമാക്കുന്ന ഭൂമിയിലാണ് ചട്ടമ്പിസ്വാമിയുടെ സ്മാരകം നിർമ്മിക്കുമെന്നുള്ള പ്രഖ്യാപനം വന്നത്. റവന്യവകുപ്പ് വിദ്യാധിരാജ സഭയുടെ വിശദീകരണം കേൾക്കുന്നതിനിടെയാണ് ഇവിടെ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ശിലാസ്ഥാപനചടങ്ങിന്റെ പ്രഖ്യാപനം.അടുത്ത 10ന് മുഖ്യമന്ത്രി ശിലാസ്ഥാപനകർമ്മം നിർവഹിക്കുമെന്നാണ് അറിയിപ്പ്. 

തീർത്ഥപാദ മണ്ഡലം ഏറ്റെടുത്ത് കൊണ്ടുള്ള സർക്കാർ ഉത്തരവ് 2019ൽ ഹൈക്കോടതി റദ്ദാക്കി. അനന്തരനടപടി സ്വീകരിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്മാരകം പണിയുന്നതെന്നാണ് വിദ്യാധിരാജ സഭ വ്യക്താക്കുന്നത്. എന്നാൽ വിദ്യാധിരാജ സഭക്ക് കെട്ടിടം പണിയാൻ സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ വി വേണു വ്യക്തമാക്കി. ട്രസ്റ്റിന് പറയാനുള്ളത് കേട്ടശേഷം വീണ്ടും ഉത്തരവിറക്കും. 

ഒരു തവണ ഹിയറിംഗ് നടന്നു. ഒരിക്കൽക്കൂടി അവരെ കേൾക്കുമെന്നും ഡോ വേണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
ചട്ടമ്പിസ്വാമിക്ക് സ്മാരകം നിർമ്മിക്കാൻ 1976ലാണ് വിദ്യാധിരാജ സഭക്ക് നൽകുന്നത്. തുടർന്ന് രണ്ട് പ്രാവശ്യം സർക്കാർ ഏറ്റെടുത്തെങ്കിലും കോടതിയിൽ നിന്ന് അനുകൂലവിധി വന്നു. എന്നാൽ സ്ഥലം വിദ്യാധിരാജ സഭക്ക് സർക്കാർ വിട്ടുകൊടുത്തിട്ടില്ല. പട്ടയം കിട്ടാത്ത സ്ഥലത്ത് ഏങ്ങനെ കെട്ടിടം നിർമ്മിക്കുമെന്നാണ് ചോദ്യം.

click me!