കണ്ടെയ്നർ ലോറി ഉടമകളുടെ സമരം: വല്ലാര്‍പാടത്ത് നിന്നുള്ള ചരക്കുനീക്കം നിലച്ചു

By Web TeamFirst Published Feb 4, 2019, 9:19 AM IST
Highlights

ഭീമമായ തുക ടോൾ നൽകാനാവില്ലെന്ന നിലപാടിലാണ് കണ്ടെയ്നർ ഉടമകൾ. പോർട്ടിൽ നിന്നുള്ള ചരക്ക് നീക്കം നിലച്ചത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 

വല്ലാര്‍പാടം: കൊച്ചി വല്ലാർപാടം തുറമുഖത്തു നിന്നുള്ള ചരക്കു നീക്കം രണ്ടാം ദിവസവും നിലച്ചു. കണ്ടയ്നർ റോഡിലെ ടോൾ പിരിവിനെതിരെ കണ്ടെയ്നർ ലോറി ഉടമകളുടെ സമരത്തെ തുടർന്നാണിത്. പ്രതിഷേധം ശക്തമാക്കുന്നതിൻറെ ഭാഗമായി രാവിലെ പതിനൊന്നിന് ടോൾ പ്ലാസയിലേക്ക് കണ്ടെയ്നർ ലോറി ഉടമകൾ പ്രകടനം നടത്തും. വല്ലാർപാടത്തു നിന്നും ചരക്കു കൊണ്ടു പോകുന്ന 2500 ലധികം കണ്ടെയ്നർ ലോറികളാണ് ടോളിനെതിരെ സമര രംഗത്തുള്ളത്. 

ഇന്നലെ രാവിലെ മുതലാണ് കണ്ടെയ്നർ ലോറികൾ പോർട്ടിൽ നിന്നും ചരക്കെടുക്കുന്നത് നിർത്തി വച്ചത്. പുറത്തു നിന്നും എത്തുന്ന വാഹനങ്ങളോടും സാധനങ്ങൾ എടുക്കരുതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീമമായ തുക ടോൾ നൽകാനാവില്ലെന്ന നിലപാടിലാണ് കണ്ടെയ്നർ ഉടമകൾ. പോർട്ടിൽ നിന്നുള്ള ചരക്ക് നീക്കം നിലച്ചത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കണ്ടെയ്നർ ലോറി ഉടമകളുടെ മൂന്നു സംഘടനകളുടെ നേതൃത്വത്തിലാണ് ടോൾ പ്ലാസയിലേക്ക് പ്രകടനം നടത്തുന്നത്.

അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ലോറി ഉടമകളുടെ തീരുമാനം. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ച ടോൾ പിരിവ് ഇന്നലെ രാവിലെ മുതലാണ് പുനരാരഭിച്ചത്. വാണിജ്യ അടിസ്ഥാനത്തിൽ സർവ്വീസ് നടത്തുന്ന വാഹനങ്ങളിൽ നിന്നും കണ്ടയ്നർ ലോറികളിൽ നിന്നുമാണ് ഇപ്പോൾ ടോൾ ഈടാക്കുന്നത്. ടോൾ പിരിവ്  തടഞ്ഞ 23 പേരെ പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

click me!