By election : നന്മണ്ടയിൽ വിജയം തുടർക്കഥയാക്കി എൽഡിഎഫ്, പേരിലെ സാദൃശ്യവും യുഡിഎഫിനെ തുണച്ചില്ല

By Web TeamFirst Published Dec 8, 2021, 4:03 PM IST
Highlights

നന്മണ്ടയുടെ പ്രതിനിധി കാനത്തിൽ ജമീല കൊയിലാണ്ടിയിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
 

കോഴിക്കോട്‌:  കോഴിക്കോട് (Kozhikode) ജില്ലാ പഞ്ചായത്തിലെ നന്മണ്ട ഡിവിഷനിൽ എൽഡിഎഫിന് വിജയം. സിപിഎമ്മിലെ (CPM)  റസിയ തോട്ടായി (Rasiya Thotayi) 6766 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫിലെ (UDF) കോൺഗ്രസ് പ്രതിനിധി കെ ജമീലയെയാണ് പരാജപ്പെടുത്തിയത്. എൽ ഡി എഫിന് (LDF) 19381 വോട്ടും യു.ഡി.എഫിന് 12615 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർത്ഥിയായി എലത്തൂർ നിയോജകമണ്ഡലം സെക്രട്ടറി ഗിരിജ വലിയ പറമ്പിൽ 4544 വോട്ടുകൾ  നേടി. 

നന്മണ്ടയുടെ പ്രതിനിധി കാനത്തിൽ ജമീല കൊയിലാണ്ടിയിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

മഹിളാ അസോസിയേഷൻ കക്കോടി ഏരിയാ സെക്രട്ടറിയും, സി.പി.ഐ.എം കക്കോടി ഏരിയാ കമ്മറ്റി അംഗവുമാണ്‌ റസിയ തോട്ടായി. 2020ല്‍ കാനത്തിൽ ജമീല (കെ. ജമീല) 8094 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ്സിലെ സലീന റഹീമിനെ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം കുറഞ്ഞെങ്കിലും എൽ.ഡി.എഫിനൊപ്പം എന്നും നിലകൊള്ളുന്ന പ്രദേശമാണ് നന്മണ്ട.

മുൻ എൽ.ഡി.എഫ് ജനപ്രതിനിധി കെ. ജമീലയുടെ അതേ പേരിലുള്ള സ്ഥാനാർത്ഥിയെ ഇറക്കിയാണ് ഇത്തവണ യു.ഡി.എഫ് ഭാഗ്യപരീക്ഷണം നടത്തിയത്. അതുകൊണ്ട് കുറച്ച് ഭൂരിപക്ഷം കുറയ്ക്കാനായത് യു ഡി എഫിന്  ആശ്വാസമായി. നന്മണ്ട പഞ്ചായത്തിലെ ആകെയുള്ള പതിനേഴ് വാർഡിൽ പന്ത്രണ്ടാം വാർഡ് ഒഴികെ മുഴുവൻ വാർഡുകളും തലക്കുളത്തൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കാക്കൂർ പഞ്ചായത്തിലെ 1, 2, 11, 12, 14, 15വാർഡുകളും ചേളന്നൂർ പഞ്ചായത്തിലെ 4, 5 വാർഡുകളും ഉൾപ്പെടെ 41 വാർഡുകളടങ്ങിയതാണ് നന്മണ്ട ജില്ലാഡിവിഷൻ. 

click me!