
കണ്ണൂർ:
തലശ്ശേരിയിൽ ഒഴിഞ്ഞുകിടന്നൊരു വീടും അതിന്‍റെ ചുറ്റുമതിലും രാഷ്ട്രീയ തർക്കത്തെ തുടർന്ന് പൊലീസ് കാവലിൽ. മഞ്ഞോടിയിലെ പൂട്ടിയിട്ട വീടാണ് എൽഡിഎഫ്, എൻഡിഎ മുന്നണികൾ തർക്കത്തിലാകാൻ കാരണം. വീട് എൽഡിഎഫിന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കാൻ ഉടമ അനുവാദം നൽകിയിരുന്നു. ചുറ്റുമതിലാകട്ടെ ബിജെപിക്ക് ചുവരെഴുതാനും വാക്കാൽ അനുമതി നൽകി. ഇടതുമുന്നണി ഓഫീസ് തുറക്കും മുമ്പ് വടകര സ്ഥാനാർഥി പ്രഫുൽ കൃഷ്ണന് വോട്ട് ചോദിച്ച് ബിജെപി ചുവരെഴുതുകയും ചെയ്തു.
തുടർന്ന് ചുറ്റുമതിലിലെ ചുവരെഴുത്തിനെതിരെ എൽഡിഎഫ് പരാതി നൽകി. ഇരുവിഭാഗത്തെയും പൊലീസ് വിളിപ്പിച്ചു. എന്നാൽ ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതോടെ തീരുമാനമായില്ല. പൊലീസ് വിഷയം സബ് കളക്ടറെ അറിയിച്ചു. വീട്ടുടമ വാക്കാൽ നൽകിയ ഉറപ്പായതിനാൽ ആരും മതിൽ ഉപയോഗിക്കേണ്ടെന്ന് തീരുമാനമായി.
Read More... നൂറിലേറെ പ്രായമുള്ള 8900ലധികം വോട്ടർമാർ, 120ലേറെ പ്രായമുള്ളവർ 13; അമ്പരപ്പിച്ച് ഈ സംസ്ഥാനം
തുടർന്ന് ബിജെപിയുടെ ചുവരെഴുത്ത് വെള്ളത്തുണി കൊണ്ട് മറച്ചു. എന്നാൽ വീടിന് മുന്നിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്‍റെ ഗേറ്റ് സ്ഥാപിച്ചു. ഇതോടെ ബിജെപി പ്രവർത്തകർ ചുവരെഴുത്ത് മറച്ച തുണി മാറ്റി. തുടർന്ന് വീണ്ടും തർക്കമായി. ഇതോടെ പൊലീസ് ഇടപെടുകയും കാവൽ ഏർപ്പെടുത്തുകയും ചെയ്തു. വിഷയത്തിൽ വീണ്ടും സബ് കളക്ടർ ഇടപെടുകയും വെള്ളച്ചായം പൂശുകയും ചെയ്താണ് തർക്കം അവസാനിപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam