അഴിമതി ആരോപണം: പനങ്ങോട്- അമരവിള റോഡ് പണി വീണ്ടും നാട്ടുകാര്‍ തടഞ്ഞു

By Web TeamFirst Published Nov 30, 2019, 10:40 AM IST
Highlights

അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം നടക്കുന്ന വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ പനങ്ങോട് -അമരിവിള റോഡിൽ വീണ്ടും പണിനടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. 

തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം നടക്കുന്ന വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ പനങ്ങോട് -അമരിവിള റോഡിൽ വീണ്ടും പണിനടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സ്ഥലത്ത് ചെറിയ തോതില്‍ സംഘർഷമുണ്ടായി. പ്രധാനമന്ത്രി സടക്ക് യോജനയിൽ ഉൾപ്പെടുത്തിയാണ് റോഡിൻറെ  പുനർനിർമ്മാണം
നേരത്തെ തുടങ്ങിയത്. 

റോഡ് നിർമ്മാണം അശാസ്ത്രീയമാണെന്നും  പണിയിൽ വ്യമാകമായ അഴിമതി നടന്നെന്നും ആരോപിച്ച്  നാട്ടുകാർ രംഗത്തെത്തി. ബിജെപിയിലെ തന്നെ ഒരു പഞ്ചായത്ത് അംഗവും കോൺഗ്രസ്, ഇടത് അംഗങ്ങളും  റോഡ് നവീകരണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി തുടർന്ന് റോഡ് പണി നിലയ്ക്കുകയും  വിജിലൻസ് അന്വേഷണം നടന്നുവരികയുമാണ്. ഇതിനിടെ കഴിഞ്ഞ ദിവസം വീണ്ടും പണി നടത്താൻ  കരാറുകാരൻ എത്തിയതിനെ തുടർന്നാണ്  നാട്ടുകാർ സംഘടിച്ച് തടഞ്ഞത്. 

ജോലിയുടെ ഭാഗമായി പുന്നവിള പാലം പൊളിച്ചുമാറ്റിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും പാലം പുനർനിർമ്മിക്കാത്തത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണ്. പാലം പുനർ നിർമ്മിക്കാതെ മറ്റു പണികൾ നടത്താൻ കഴിയില്ലെന്ന്  നാട്ടുകാർ കരാറുകാരനെ അറിയിച്ചെങ്കിലും അത് കേൽക്കാതെ റോഡിന്റെ ഇരു വശങ്ങളിലുമുള്ള  മണ്ണുമാറ്റാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ ബലം പ്രയോഗിച്ച് പണി തടഞ്ഞത്.

ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ കരാറുകാരന് സംരക്ഷണം നൽകാൻ ബിജെപി പ്രവർത്തകർ എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സതീഷ് കുമാർ നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിക്കുകയും നാട്ടുകാരുടെ പരാതി പരിഹരിച്ചതിനു ശേഷം മാത്രമേ പണി ആരംഭിക്കാവൂ എന്ന് കരാറുകാർക്ക് നിർദ്ദേശം നൽകുകയും ചെയ്തതോടെയാണ് സംഘർഷാവസ്ഥ അയഞ്ഞത്.

click me!