
തൃശൂര്‍: കാട്ടാനക്കൂട്ടത്തിന് മുന്നില്‍പെട്ട ദമ്പതികളും പിഞ്ചുകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ കാര്‍ പൂര്‍ണമായും നശിച്ചു. മലക്കപ്പാറ റോഡില്‍ വാച്ചുമരത്തുവച്ചായിരുന്നു സംഭവം. കറുകുറ്റി സ്വദേശി എലുവത്തിങ്കല്‍ വീട്ടില്‍ സെബിനും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനക്കൂട്ടം ആക്രമിച്ച കാറില്‍ നിന്നും ഹെഡ്‌ലൈറ്റുകളും ആന്‍ഡ്രോയ്ഡ് സെറ്റും മോഷണം പോയി എന്നതാണ് മറ്റൊരു കാര്യം. മലക്കപ്പാറയിലേക്കുള്ള യാത്രയില്‍ വാച്ചുമരത്തുവച്ച് കാര്‍ കേടായി. തുടര്‍ന്ന് ഇവര്‍ പുറത്തിറങ്ങി ബോണറ്റ് തുറക്കുന്നതിനിടെ ആനക്കൂട്ടം കാറിനടുത്തെത്തി. ഈ സമയം ഇതുവഴി വന്ന ട്രാവലറില്‍ കയറി ഇവര്‍ തിരിച്ചുപോന്നു. വരുന്നവഴി വാഴച്ചാല്‍ വനംവകുപ്പ് ഓഫീസില്‍ സംഭവം അറിയിക്കുകയും ചെയ്തതായി പറയുന്നു.
രാത്രിയോടെ ബന്ധുക്കളുമായി ഇവിടെയെത്തിയെങ്കിലും കാറിന് ചുറ്റും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതിനെ തുടര്‍ന്ന് തിരിച്ച് പോരുകയായിരുന്നു. അടുത്ത ദിവസം പകല്‍ കാറെടുക്കാനെത്തിയപ്പോഴാണ് കാര്‍ പൂര്‍ണമായും തകര്‍ത്തിട്ട നിലയില്‍ കണ്ടത്. ആനക്കൂട്ടം തകര്‍ത്ത കാറില്‍ നിന്നും ഹെഡ് ലൈറ്റുകള്‍, ആന്‍ഡ്രോയ്ഡ് സെറ്റും എന്നിവ മോഷണവും പോയിട്ടുണ്ട്. ഇത് സംബന്ധിച്ച് ദമ്പതികൾ പൊലീസിൽ പരാതിയും നൽകി.
അടുത്തിടെ പുറത്തുവന്ന കാട്ടാനയാക്രമണത്തിന്‍റെ മറ്റൊരു വാർത്ത ടാപ്പിംഗ് തൊഴിലാളി യുവാവിന് തിരുവനന്തപുരത്ത് പരിക്കേറ്റതാണ്. ഇരുചക്ര വാഹനത്തിലെത്തിയ ഇടിഞ്ഞാർ മങ്കയം സ്വദേശി ജിതേന്ദ്രനെയാണ് കാട്ടാന ആക്രമിച്ചത്. റോഡിലൂടെ ഇരുചക്ര വാഹനത്തിലെത്തിയ ഇയാൾക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് ഓടിയ യുവാവിനെ പിന്തുടർന്നെത്തിയ ആനയുടെ അടിയിൽ യുവാവ് അകപ്പെടുകയായിരുന്നു. ഇയാളുടെ ഇടതു വാരിയെല്ലുകൾക്കാണ് പരിക്കേറ്റത്. ബ്രൈമൂർ റോഡിൽ മുല്ലച്ചൽ വളവിലായിരുന്നു സംഭവം. പാരിപ്പള്ളിയിലെ ജോലി സ്ഥലത്ത് പോകാൻ സ്കൂട്ടറോടിച്ചു വരികയായിരുന്ന ജിതേന്ദ്രനു നേരെ ഒറ്റയാൻ പാഞ്ഞടുക്കുകയായിരുന്നു. ഭയന്ന് റോഡിൽ വീണു പോയ യുവാവിന്‍റെ മുകളിലൂടെ ഒറ്റയാൻ കടന്നുപോയി. ആനയുടെ ഓട്ടത്തിനിടയിലാണ് ജിതേന്ദ്രന് ചവിട്ടേറ്റത്. കാര്യമായി പരിക്കേറ്റ യുവാവ് റോഡിൽ തന്നെ കിടന്നു.കുറച്ച് സമയം കഴിഞ്ഞ് ഇതുവഴി വന്ന മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ ആരോഗ്യനില മെച്ചമായതോടെ പാലോട് ഗവ. ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam