
തൃശൂര്‍: ഭര്‍ത്താവിനെയും ഭാര്യയെയും ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. മറ്റത്തൂര്‍ വെട്ടിയാടന്‍ചിറ മുളംമൂട്ടില്‍ ശങ്കരന്‍ എന്ന ശങ്കരപിള്ള (63) യെയാണ് തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ടി കെ മിനിമോള്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 307-ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും 326-ാം വകുപ്പ് പ്രകാരം മൂന്നു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷയാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴ അടയ്ക്കാതിരുന്നാൽ ആറുമാസം തടവുശിക്ഷയും കൂടുതലായി അനുഭവിക്കണം.
വെട്ടിയാടന്‍ചിറ അമ്പാടന്‍ വീട്ടില്‍ ദാമോദരനെയും ഭാര്യ മല്ലികയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. 2011 ഒക്‌ടോബര്‍ 21 -നാണ് കേസിനാസ്പദമായ സംഭവം. ദാമോദരനോടും മല്ലികയോടും മുന്‍ വൈരാഗ്യമുള്ള പ്രതി ഇയാളെ വെട്ടി കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വീട്ടിലേക്ക് ദാമോദരനെ വിളിച്ചുവരുത്തി നീളം കൂടിയ വെട്ടുകത്തി കൊണ്ട് തലയിലും മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. ആക്രമണത്തിൽ ദാമോദരന് ഗുരുതര പരുക്കേറ്റു.
വെട്ടേറ്റ ദാമോദരന്റെ വിളി കേട്ട് ചെന്ന മല്ലികയേയും പ്രതി വെട്ടിപരുക്കേല്‍പ്പിച്ചിരുന്നു. 2011 ഒക്‌ടോബര്‍ മാസം നടന്ന സംഭവത്തെ തുടര്‍ന്നുള്ള കേസ് 2022 ഓഗസ്റ്റിലാണ് വിചാരണ ആരംഭിച്ചത്. വിചാരണ ആരംഭിക്കുന്നതിന് മുന്‍പേ ദാമോദരന്‍ മരണപ്പെട്ടു. മരണപ്പെട്ട ദാമോദരന്റെ മൊഴി ഇല്ലാതിരുന്നിട്ടും പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താന്‍ പ്രോസിക്യൂഷന് സാധിച്ചു. ഭാര്യ മല്ലികയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. സംഭവദിവസം ഉച്ചയ്ക്ക് ഭര്‍ത്താവിന്റെ വിളി കേട്ട് പ്രതിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഭര്‍ത്താവ് ദാമോദരന്‍ ചോരയില്‍ മുങ്ങി കിടക്കുന്നതായി കണ്ടു എന്നും അരികത്ത് ചെന്ന് തല പൊക്കിയെടുത്തപ്പോള്‍ പ്രതി ഭര്‍ത്താവിനെ വീണ്ടും വെട്ടാന്‍ ശ്രമിച്ചതായും തടഞ്ഞപ്പോള്‍ പ്രതി തന്നെയും ഇടതു കൈപ്പത്തിയില്‍ വെട്ടിയതായും മല്ലിക കോടതിയില്‍ മൊഴി നല്‍കി.
ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ദാമോദരനെയും മല്ലികയെയും ആദ്യം കോടാലി ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. മല്ലികയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് വെള്ളിക്കുളങ്ങര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തതിനു ശേഷം പ്രതി ഒളിച്ചുവെച്ച വെട്ടുകത്തി കണ്ടെടുക്കുന്നതിന് സാക്ഷ്യം വഹിച്ച മനോജിന്റെയും ചികിത്സ നടത്തിയ ഡോക്ടര്‍മാരുടെയും മൊഴികളും പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിന് സഹായിച്ചു. സംഭവ കാലത്ത് കൊടകര സര്‍ക്കിള്‍ ഇന്‍സ്പക്ടറായിരുന്ന എം. ഗംഗാധരനാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുനില്‍, അഭിഭാഷകരായ വിഷ്ണുദത്തന്‍, സി.ജെ. അമല്‍, ആസാദ് സുനില്‍ എന്നിവര്‍ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam