ചെങ്ങന്നൂരില്‍ മോഷണത്തിനിടെ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി: ബംഗ്ലാദേശ് സ്വദേശികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

By Web TeamFirst Published Nov 12, 2019, 2:32 PM IST
Highlights

ട്രെയിൻ മാർഗ്ഗം രക്ഷപെടാൻ സാധ്യതയുള്ളതിനാൽ ചെങ്ങന്നൂർ പൊലീസ് റെയിൽവേ പൊലീസിന്‍റെ സഹായം  തേടി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബംഗ്ലാദേശ് സ്വദേശികളായ രണ്ട് പേർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരുടെ സുഹൃത്തുക്കളായ ബംഗാൾ സ്വദേശികളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

ഇന്ന് രാവിലെയാണ് ചെങ്ങന്നൂർ പാറച്ചന്തയിൽ വൃദ്ധ ദമ്പതികളെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ ചെറിയാൻ, ഭാര്യ ലില്ലി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതൽ രണ്ടു പേരെയും കാണ്മാനില്ലായിരുന്നു. അയൽവാസികളും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടത്. 

ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ടു; മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സൂചന, ബംഗാള്‍ സ്വദേശികള്‍ കസ്റ്റഡിയില്‍

ഇതേത്തുടർന്ന് ഇവരുടെ വീടിന് സമീപം താമസിക്കുന്ന ബംഗാൾ സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരുടെ സുഹൃത്തുക്കളായ ലബാലു, ജുവൽ എന്നീ ബംഗ്ലാദേശ് സ്വദേശികളെപ്പറ്റി വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം ഇവർ ഇതേ വീട്ടിൽ ജോലിക്കെത്തിയിരുന്നു. കൊലപാതകശേഷം ഇവർ സംസ്ഥാനം വിട്ടതായാണ് പൊലീസിന്‍റെ നിഗമനം.

ഇതേത്തുടർന്നാണ് ഇരുവർക്കുമെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവർ ട്രെയിൻ മാർഗ്ഗം രക്ഷപെടാൻ സാധ്യതയുള്ളതിനാൽ ചെങ്ങന്നൂർ പൊലീസ് റെയിൽവേ പൊലീസിന്‍റെ സഹായം  തേടിയിട്ടുണ്ട്.നേരത്തെ കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന പിക് ആക്സും മൺവെട്ടിയും പൊലിസ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.

click me!