ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കൊടുകുളഞ്ഞിയിൽ വൃദ്ധദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ആഞ്ഞിലിമൂട്ടിൽ എപി ചെറിയാൻ (75) ഭാര്യ ലില്ലി ചെറിയാൻ (68) എന്നിവരാണ് മരിച്ചത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  ഇവരുടെ വീടിന് സമീപത്ത് താമസിക്കുന്ന രണ്ട് ബംഗാള്‍ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ വിളിച്ചുവരുത്തിയ രണ്ടുപേരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് വിവരം. എന്നാല്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ലെന്നാണ് കസ്റ്റഡിയിലുള്ളവര്‍ വ്യക്തമാക്കുന്നത്. 

മരിച്ച ദമ്പതിമാര്‍ വീട്ടില്‍ ഒറ്റക്കാണ് താമസിക്കുന്നത്. ഇവരുടെ മക്കള്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇത് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സൂചന. സംശയാസ്പദമായി കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്നു.