മൂന്നാര്‍ വിഷയത്തിലെ കോടതി നടപടികള്‍ പഞ്ചായത്തിന്‍റെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് തിരിച്ചടി

By Web TeamFirst Published Feb 14, 2019, 9:43 AM IST
Highlights

സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും കോടതിയുടെ ഉത്തരവുകളും പാലിക്കുന്നതില്‍ മൂന്നാറില്‍ വകുപ്പുകള്‍ തയ്യറാകാത്തതാണ് റവന്യു വകുപ്പിനെ കുഴപ്പത്തിലാക്കുന്നത്

ഇടുക്കി: മൂന്നാര്‍ വിഷയത്തില്‍ ദേവികുളം സബ് കളക്ടറുടെ നടപടിക്ക് കോടതിയുടെ അംഗീകാരം ലഭിച്ചത് പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് തിരിച്ചടിയാകും. കോടികള്‍ മുടക്കി ത്രിതലപഞ്ചായത്തുകള്‍ നടത്തിവന്നിരുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കോടതിയുടെ ഇടപെല്‍ കൊണ്ട് ഒരു പരിധി വരെ കഴിയുമെന്നാണ് കരുതപ്പെടുന്നത്.

മൂന്നാര്‍, ചിന്നക്കനാല്‍, പള്ളിവാസല്‍, അടിമാലി, രണ്ടാംമൈല്‍ എന്നിവിടങ്ങളിലാണ് പുഴയും റോഡും കൈയ്യേറി ആയിരക്കണക്കിന് അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട ഭാഗങ്ങളില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ക്ക് അധിക്യതര്‍ മൗനാനുമതി നല്‍കുന്നതാണ് നിര്‍മ്മാണത്തിന് തടയിടാന്‍ കഴിയാത്തത്.

സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും കോടതിയുടെ ഉത്തരവുകളും പാലിക്കുന്നതില്‍ മൂന്നാറില്‍ വകുപ്പുകള്‍ തയ്യറാകാത്തതാണ് റവന്യു വകുപ്പിനെ കുഴപ്പത്തിലാക്കുന്നത്. പുഴയോരങ്ങള്‍ കൈയ്യേറി നിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കേണ്ട പഞ്ചായത്ത് തന്നെ നിയലംഘനങ്ങള്‍ നടത്തുകയാണ്.

പദ്ധതികള്‍ ആവിഷ്‌കരിക്കുന്നവര്‍ അത് നടപ്പിലാക്കുന്നതിന് റവന്യു വകുപ്പിനെ സമീപിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പഴയമൂന്നാറില്‍  മൂന്നാര്‍ പഞ്ചായത്ത് കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പണികള്‍ ആരംഭിക്കുന്നതിന് റവന്യുവകുപ്പിനെ സമീപിച്ചിരുന്നില്ല.

അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയെടുത്ത സബ് കളക്ടറുടെ നടപടി ചോദ്യം ചെയ്യുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ പഞ്ചായത്തിന്‍റെ അടക്കം മുഴുവന്‍ പദ്ധതി നടത്തിപ്പിനും തിരിച്ചടിയാവുന്നത്. 

click me!