
പാലക്കാട്: പാലക്കാട് പുതുപ്പരിയാരം സ്വദേശി ഗോപാലകൃഷ്ണന് എല്ലാം മടുത്ത അവസ്ഥയിലാണ്. കിട്ടാനുള്ള 30 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക ലഭിക്കാൻ വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് പാലക്കാട് പുതുപ്പരിയാരം സ്വദേശി ഗോപാലകൃഷ്ണൻ. തുക എത്രയും പെട്ടെന്ന് കൈമാറാൻ കോടതി ഉത്തരവിട്ടിട്ട് ഒരു വർഷം തികയുന്നു. എന്നാൽ ഇതുവരെ പണം ലഭിച്ചിട്ടില്ല. ധനവകുപ്പിൽ നിന്നും പണം ലഭിച്ചാലെ കുടിശ്ശിക തീർക്കാൻ കഴിയൂ എന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
വയസ്സ് 72 കടന്നതിനാൽ ആരോഗ്യം തീരെ മോശമായ നിലയിലാണ് ഗോപാലകൃഷ്ണന്. രാവിലെ ലോട്ടറി വിൽക്കാൻ പോകും. 10 ടിക്കറ്റ് വിറ്റാലായി. ഇങ്ങനെ കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് ഉപജീവനം നടത്തുന്നു. തനിക്ക് കൂടുതലായി ഒന്നും വേണ്ട. അർഹതപ്പെട്ട പെൻഷൻ അനുവദിച്ചൽ മാത്രം മതിയെന്ന് ഗോപാലകൃഷ്ണൻ പറയുന്നു. 2020 മെയ് മാസം മുതലാണ് ഗോപാലകൃഷ്ണന്റെ ക്ഷേമ പെൻഷൻ, ഇപിഎഫ് പെൻഷൻ ലഭിക്കുന്നെന്ന് പറഞ്ഞ് നിർത്തലാക്കിയത്. ഇപിഎഫ് അംഗത്വം ഉള്ളയാളാണെങ്കിലും പെൻഷന് ആവശ്യമായ സർവീസ് കാലാവധി ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരു രൂപ പോലും ആ ഇനത്തിൽ ലഭിച്ചിരുന്നില്ല.
കോവിഡ് കടുത്ത കാലത്താണ് പെൻഷൻ തുക നിലയ്ക്കുന്നത്. ഏകെ ആശ്രയമായിരുന്ന മകനെ മഹാമാരി കവർന്ന കാലത്ത് പെൻഷൻ കൂടി കിട്ടാതായതോടെ തീരാദുരിതമായി പിന്നീട്. അധികാരികൾക്ക് പറ്റിയ പാകപ്പിഴ അവരെ മനസ്സിലാക്കാൻ ഗോപാലകൃഷ്ണന് ഏറെ നടക്കേണ്ടി വന്നു. 2022 ജൂൺ മുതൽ ക്ഷേമപെൻഷൻ പുനസ്ഥാപിച്ചു. എന്നാൽ നഷ്ടപ്പെട്ട 24 മാസത്തിനു തീരുമാനമായില്ല. നീതി തേടി കോടതിയെ സമീപിച്ചു. ഒടുവിൽ കുടിശ്ശിക എത്രയും വേഗം നൽകണമെന്ന് 2023 മാർച് 2ന് കോടതി വിധിച്ചു.
എന്നാൽ കോടതി വിധിയുണ്ടായിട്ടും ഗോപാലകൃഷ്ണന് പണം കിട്ടിയില്ല. പരാതിയുമായി നവ കേരള സദസ്സിലെത്തി. പണം നൽകാൻ ധനവകുപ്പ് കനിയണമെന്ന് മറുപടി. ഒന്നും രണ്ടുമല്ല,. കിട്ടാനുള്ള 24ഉം ഇപ്പോൾ മുടങ്ങിയ ആറും ചേർത്ത് 30 മാസത്തെ പെൻഷനാണ് കുടിശ്ശിക. തനിക്ക് അർഹതപ്പെട്ട പെൻഷൻ തുക കിട്ടാൻ ഈ വയസാം കാലത്ത് ഇനിയുമെത്ര നടക്കണമെന്നാണ് ഗോപാലകൃഷ്ണൻ ചോദിക്കുന്നത്.
Read More : നാലരക്കോടി 'വെള്ളത്തിലായി'; കോലറയാറിൽ വീണ്ടും മാലിന്യം നിറഞ്ഞു, ഒഴുക്ക് നിലച്ച് നാശത്തിന്‍റെ വക്കിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam