കൊച്ചിയിലെ ഹോട്ടൽ മുറിയിൽ നിന്ന് വനിതാ ഡോക്ടറുടെ 4.25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങൾ ഉൾപ്പെടെ മോഷ്ടിച്ച കേസിലെ പ്രതിയെ എളമക്കര പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയായ 19-കാരനെ മൂന്നാറിൽ നിന്നാണ് പിടികൂടിയത്. വിരലടയാളമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്

കൊച്ചി: ഹോട്ടൽ മുറിയിൽ നിന്നും വനിതാ ഡോക്ടറുടെ ഡയമണ്ട് ആഭരണങ്ങൾ ഉൾപ്പെടെ 4.25 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി. നിരവധി മോഷണ കേസുകളിൽ പ്രതിയായ തമിഴ്നാട് മധുര സ്വദേശി സതീഷ് കുമാർ(19)നെ മൂന്നാറിൽ നിന്നാണ് എളമക്കര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബർ 23ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഇടപ്പള്ളി ഷംസീൻ ഹോട്ടലിലെ 103 നമ്പർ മുറിയിൽ താമസിച്ചിരുന്ന ആലപ്പുഴ കൊല്ലക്കടവ് സ്വദേശിയായ ഡോ. ഷഹാന ഷാജി വാതിൽ പൂട്ടാതെ പുറത്ത് പോയ തക്കം നോക്കി അകത്ത് കടന്ന പ്രതി മുറിയിലുണ്ടായിരുന്ന ഡയമണ്ട് മാല, ഡയമണ്ട് മോതിരം, സ്വർണ മോതിരം, ലാപ്ടോപ്, ഐഫോൺ എന്നിവ കൈക്കലാക്കി.

Add Asianetnews as a Preferred SourcegooglePreferred

പരാതി ലഭിച്ച പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. മോഷ്ടാവ് ഓട്ടോയിൽ കയറി ചക്കരപ്പറമ്പിലെ ഒരു ആക്രിക്കട വരെ പോകുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളെ തിരിച്ചറിയാൻ സാധിച്ചില്ല. പിന്നീട്, മുറിയിൽ നിന്നും ശേഖരിച്ച വിരലയാളത്തിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ കഴിഞ്ഞ ദിവസം മൂന്നാറിൽ എത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എളമക്കര പൊലീസ് സംഘം ഇവിടെയെത്തി സാഹസികമായി പിടികൂടുകയായിരുന്നു. മോഷ്ടിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മൂന്നാറിലെ ഒരു കടയിൽ 5000 രൂപയ്ക്ക് വിറ്റതായിട്ടാണ് ഇയാൾ നൽകിയ മൊഴി. പ്രതിയെ ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി. എസ്.മാരായ മനോജ്, വിശ്വജിത്ത്,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ്, സുധീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.