
പത്തനംതിട്ട: കോടതി ഉത്തരവിട്ടതോടെ താമസിച്ചിരുന്ന വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്ന ആശങ്കയിലാണ് പത്തനംതിട്ട പുല്ലാട്ടെ നിർധന കുടുംബം. പുല്ലാട് കാഞ്ഞിരപ്പാറ കോളനിയിൽ ശ്രീലതയാണ് പ്രായപൂർത്തിയായ മകൾ അടങ്ങുന്ന കുടുംബത്തോടൊപ്പം എവിടെ പോകണമെന്നറിയാതെ കഴിയുന്നത്.
2009ലാണ് പുല്ലാട് കാഞ്ഞിരപ്പാറ കോളനിയിൽ ശ്രീലതയും കുടുംബവും ഇലന്തൂർ സ്വദേശിയായ സന്തോഷ് കുമാർ താമസിച്ചിരുന്ന വീടും 4സെന്‍റ് സ്ഥലവും അറുപതിനായിരം രൂപ കൊടുത്ത് വാങ്ങുന്നത്. എന്നാൽ സ്ഥലത്തിന്‍റെ രേഖകൾ ഇവർ സ്വന്തം പേരിലേക്ക് മാറ്റിയിരുന്നില്ല. 2011 സന്തോഷ് കുമാർ മരിച്ചതിനുശേഷം മറ്റൊരാൾ ഭൂമിയിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് കേസ് കൊടുത്തു.
കേസിൽ വിധി എതിർ കക്ഷിക്ക് അനുകൂലമായി വന്നതോടെയാണ് പ്രായപൂർത്തിയായ മകളടങ്ങുന്ന കുടുംബവുമായി ഇവർ തെരുവിൽ ഇറങ്ങേണ്ട സാഹചര്യം ഉണ്ടായത്. കേസ് സമയത്ത് ഹാജരാക്കിയ രേഖകളിൽ തിരിമറി നടന്നു എന്ന സംശയവും ശ്രീലതയുടെ കുടുംബത്തിനുണ്ട്.വിധി നടപ്പാക്കാൻ ഉദ്യോഗസ്ഥരും എതിർകക്ഷിയും എത്തിയപ്പോൾ നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തി. കേസിൽ മേൽകോടതിയിൽ അപ്പീൽ പോകാൻ ജനകീയ സമിതിക്ക് രൂപം നൽകാനൊരുങ്ങുകയാണ് പ്രദേശവാസികൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam