
കൊച്ചി: അതിർത്തിയിൽ നിൽക്കുന്ന ഒരു തെങ്ങിനെച്ചൊല്ലി വർഷങ്ങളായി തുടരുന്ന അയൽവാസികളുടെ തർക്കം ഹൈക്കോടതിയിലെത്തിയപ്പോൾ ആദ്യം വെട്ടിക്കളയേണ്ടത് തെങ്ങല്ല, കക്ഷികളുടെ വാശിയാണെന്ന് കോടതി. പ്രശ്നം നിയമ പോരാട്ടമാക്കി മാറ്റുന്നതിന് പകരം പരസ്പര സ്നേഹത്തോടെയും സഹിഷ്ണുതയോടെയും പരിഹരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന ബൈബിൾ വചനം ഇരുകക്ഷികൾക്കും ഉപദേശമായി നൽകിയാണ് കോടതി കേസ് പരിഗണിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിന് ആദ്യം എത്തുക അയൽവാസികളായിരിക്കുമെന്നും അത് ഓർത്ത് നിസ്സാരമായ ഈ പ്രശ്നം ഒരുമിച്ച് ചായ കുടിച്ച് പരിഹരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഹർജിക്കാരന് പിഴ ചുമത്തേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും, കേസിലെ കക്ഷികൾ കാണിക്കുന്നതുപോലുള്ള കടുത്ത നിലപാടുകൾ പ്രോത്സാഹിപ്പിക്കാനില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി. കക്ഷികളുടെ വാശിയാണ് ഒരു നിസ്സാര പ്രശ്നത്തെ ഇത്രയും ദൂരം എത്തിച്ചതെന്നും കോടതി നിരീക്ഷിച്ചു.
അയൽവാസിയുടെ തെങ്ങ് തനിക്കും കുടുംബത്തിനും വലിയ അപകട സാധ്യതയും നഷ്ടവും ഉണ്ടാക്കുന്നു എന്ന് ആരോപിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ശക്തമായ കാറ്റിൽ തെങ്ങ് തന്റെ വീട്ടിലേക്ക് മറിയാൻ സാധ്യതയുണ്ടെന്നും വീഴുന്ന തേങ്ങകൾ വാഹനങ്ങൾക്കുൾപ്പെടെ കേടുപാടുകൾ വരുത്തിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചു.വിഷയത്തിൽ വിവിധ തലങ്ങളിൽ അധികൃതർ സ്വീകരിച്ച നടപടികൾ കോടതി വിലയിരുത്തി. പഞ്ചായത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എതിർ കക്ഷി തെങ്ങ് കമ്പി കൊണ്ട് വലിച്ച് കെട്ടുകയും തലപ്പത്ത് വല സ്ഥാപിക്കുകയും ചെയ്തിരുന്നു. അപകട സാധ്യത ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനും നിർദേശങ്ങൾ നൽകിയിരുന്നു.
എന്നാൽ ഇതിൽ ഹർജിക്കാരൻ തൃപ്തനായില്ല. തുടർന്ന് ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. ഇതിനുള്ള പ്രതിഫലമായി ഒരു ലക്ഷം രൂപ വഹിക്കാനും ഹർജിക്കാരൻ തയ്യാറായി. തെങ്ങിന് ബലക്ഷയമില്ലെന്നും അത് സുരക്ഷിതമായി വലിച്ചുകെട്ടിയിട്ടുണ്ടെന്നും തേങ്ങകൾ നിലത്ത് പതിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്മിഷൻ ചിത്രങ്ങൾ സഹിതം റിപ്പോർട്ട് നൽകി. എന്നിട്ടും തെങ്ങുകയറ്റക്കാരൻ വെട്ടിയിട്ട ഓലകൾ തന്റെ പറമ്പിലേക്ക് വീണു എന്നാരോപിച്ച് ഹർജിക്കാരൻ വീണ്ടും വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കി. തെങ്ങിന് ചിരിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ ഈ തർക്കം കണ്ട് അത് ചിരിക്കുമായിരുന്നു. സ്വയം നിലംപതിക്കാൻ സാധിച്ചിരുന്നെങ്കിൽ അതു ചെയ്ത് ഈ തർക്കം ഒഴിവാക്കുമായിരുന്നുവെന്നും കോടതി പരാമർശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam