എറണാകുളം തൃക്കാക്കരയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജോയ് പി.വി (75) മരിച്ചു. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന മകനെ കണ്ടെത്താൻ എളമക്കര പൊലീസ് പൊതുജനസഹായം തേടുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊച്ചി: എറണാകുളം തൃക്കാക്കര വാഴക്കാലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വർഗീസിന്റെ മകൻ ജോയ്.പി.വി (75) വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. ജോയ്യുടെ മകൻ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വിലാസമോ ഫോൺ നമ്പറോ ലഭ്യമല്ല. ഇയാളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിവരം അറിയിക്കണമെന്ന് എളമക്കര പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജൂലൈ 31-ന് രാവിലെ 06:45 ഓടെ ഉണ്ടായ വാഹനാപകടത്തിലാണ് ജോയ്ക്ക് പരിക്കേറ്റത്. സംഭവത്തിൽ എളമക്കര പോലീസ് (Crime No. 329/2026, U/s 281, 125(b) BNS) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. അപകടത്തിന് ശേഷം ആദ്യം ഇടപ്പള്ളി എം.എ.ജെ (MAJ) ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ കിംസ് അൽഷിഫ ആശുപത്രിയിലേക്ക് മാറ്റി. തുടർന്നുള്ള ദിവസങ്ങളിലും രക്തബന്ധുക്കളാരും എത്തിയില്ല. തുടർന്ന് അടിയന്തര ചികിത്സയ്ക്കായി ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഓഗസ്റ്റ് 4-ന് പുലർച്ചെ 12:10-ഓടെ ജോയ് മരിക്കുകയായിരുന്നു.
മൃതദേഹം നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച ജോയുടെ മകനെ കുറിച്ച് വിവരം ലഭിക്കുന്നവർ 0484 2530700, അല്ലെങ്കിൽ 8590072301 എന്ന നമ്പറിൽ എളമക്കര പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് അഭ്യർത്ഥിച്ചു.


