
കൊല്ലം: കൊട്ടാരക്കര കിഴക്കേത്തെരുവിൽ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റിയത് കുടുംബാംഗങ്ങൾ തന്റെ രീതികളെ ചോദ്യം ചെയ്തതിനെന്ന് പ്രതി പൊലീസിനോട്. കേസിലെ പ്രതി കൊട്ടാരക്കര കിഴക്കേത്തെരുവ് ഐപ്പള്ളൂർ പടിഞ്ഞാറെവീട്ടിൽ എം.അലക്സാണ്ടറി(60)നെ കോടതി റിമാൻഡ് ചെയ്തു. വെട്ടേറ്റ് വലതു കൈപ്പത്തി അറ്റുപോയ മരുമകൾ ജിൻസി ജോണി(30) നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൈപ്പത്തി തുന്നിച്ചേർത്തു. ജിൻസിയുടെ ഇടതുകയ്യിലും ശരീരത്തിലും ആഴത്തിൽ മൂന്നു മുറിവുകൾ കൂടി ഉണ്ട്. ഭാര്യ സാറാമ്മ(55)യുടെ പുറത്തും അലക്സാണ്ടർ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.
കുടുംബ വഴക്കിനെത്തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ അലക്സാണ്ടർ വീട്ടിൽ കയറി പരാക്രമം നടത്തിയത്. മൂർച്ചയേറിയ വെട്ടുകത്തികൊണ്ട് ഇരുവരെയും വെട്ടുകയായിരുന്നു. രക്ഷപ്പെടാനായി അടുക്കളയിലേക്ക് ഓടിയ ജിൻസിയെ പിന്നാലെയെത്തി വെട്ടി. വലതുകൈപ്പത്തിയറ്റു നിലത്തുവീണു. സംഭവസമയത്ത് ജിൻസിയുടെ ഭർത്താവ് ഷിന്റോ വീട്ടിൽ ഉണ്ടായിരുന്നില്ല. വെട്ടേറ്റ് വീടിനു പുറത്തേക്കോടിയ ജിൻസി അയൽവീട്ടിലാണ് അഭയം പ്രാപിച്ചത്. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസ് എത്തിയാണ് ജിൻസിയെയും സാറാമ്മയെയും ആശുപത്രിയിലെത്തിച്ചത്. അലക്സാണ്ടറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഏറെ നാളായി കുടുംബാംഗങ്ങളുമായി അകൽച്ചയിലായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam