
കായംകുളം: പച്ചക്കറി മാർക്കറ്റിലെ ഒരു വ്യാപാരിയ്ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്ത് സ്ഥിതി ഗുരുതരമായി. സമ്പർക്ക പട്ടികയിൽ 450 ഓളം പേരാണുള്ളത്. 150 പേരുടെ സ്രവം പരിശോധനക്കെടുത്തു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച വ്യാപാരിയുടെ മരുമകനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുമായി ബന്ധപ്പെട്ട നൂറുകണക്കിനാളുകൾ ക്വാറന്റീനിൽ പോകേണ്ട സ്ഥിതിയിലാണ്.
അടുത്തിടെ ഇയാൾ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതേ തുടർന്ന് രണ്ടു പൊലീസുകാർ ക്വാറന്റീനിൽ പോയി. ഇദ്ദേഹം കോടതിയിലും പോയിരുന്നതായി അറിയുന്നു. അടുത്തിടെ ഇദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ജന്മദിനാഘോഷത്തിൽ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തതായാണ് വിവരം. ഇയാളുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനും ക്വാറന്റീനിൽ പ്രവേശിപ്പിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 29 ന് രോഗം സ്ഥിരീകരിച്ച വ്യാപാരിയുടെ മരുമകനാണ് ഇദ്ദേഹം. ഇവരുടെ കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെ 17 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ സർക്കാർ ഉദ്യോഗസ്ഥയും ഉൾപ്പെടും. കൊവിഡ് സംശയിച്ച് രണ്ടു ദിവസം മുൻപ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ് ആയിരുന്നു. ഇതോടെ നിരവധി പേർ വീട്ടിൽ എത്തിയിരുന്നു. എന്നാൽ, ഇന്നലത്തെ പരിശോധനയിൽ രോഗം സ്ഥിരീകരിയ്ക്കുകയായിരുന്നു.
പച്ചക്കറി മാർക്കറ്റിലും വീട്ടിലുമായി നൂറുകണക്കിന് ആളുകളുമായാണ് ഇയാൾ നേരിട്ട് ഇടപെട്ടത്. നഗരത്തിലും സമീപ പഞ്ചായത്തുകളിലും മറ്റും നിന്നും സാധനങ്ങൾ വാങ്ങാനെത്തിയ കച്ചവടക്കാരും സമ്പർക്ക പട്ടികയിൽ ഉണ്ടന്നാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam