കൊവിഡ് 19: എടക്കൽ ഗുഹ അടച്ചു, മറ്റ് ടൂറിസം കേന്ദ്രങ്ങൾ അടക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു

By Web TeamFirst Published Mar 14, 2020, 12:14 PM IST
Highlights

വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടും കേന്ദ്രങ്ങൾ എന്തിന് തുറക്കണമെന്നാണ് പരിസരവാസികൾ അടക്കമുള്ളവർ ചോദിക്കുന്നത്. 

കൽപ്പറ്റ: കൊവിഡ് 19 ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വയനാട്ടിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ എടക്കൽ ഗുഹ അടച്ചു. അതേ സമയം മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങൾ അടയ്ക്കാത്ത ടൂറിസം വകുപ്പിന്റെ നടപടി വിമർശിക്കപ്പെടുന്നു. കാരാപ്പുഴ, ബാണാസുരസാഗർ ഡാം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചതിന് പിന്നാലെയാണ് ഡിടിപിസിക്ക് കീഴിലുള്ള എടയ്ക്കൽഗുഹയിലും സഞ്ചാരികൾക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.

ഡിടിപിസിക്ക് കീഴിൽ കൂടുതൽ സന്ദർശകരെത്തുന്ന കേന്ദ്രങ്ങളിലൊന്നാണ് എടക്കൽ. പൂക്കോട് തടാകത്തിൽ ശനിയാഴ്ച എത്തുന്ന സന്ദർശകരുടെ എണ്ണം പരിഗണിച്ച് ആവശ്യമെങ്കിൽ താത്കാലികമായി അടയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് കളക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞു. എന്നാൽ വിദേശികളടക്കംഎത്തുന്ന കേന്ദ്രങ്ങൾ ഇനിയും അടയ്ക്കാത്തത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുകയാണ്.

വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടും കേന്ദ്രങ്ങൾ എന്തിന് തുറക്കണമെന്നാണ് പരിസരവാസികൾ അടക്കമുള്ളവർ ചോദിക്കുന്നത്. പരീക്ഷാക്കാലമായതിനാൽ പൊതുവേ സഞ്ചാരികൾ കുറയുന്ന സമയമാണെങ്കിലും കൊവിഡ് ഭീതിവന്നതോടെ തീർത്തും ആളില്ലാത്ത അവസ്ഥയായി. മുൻകരുതലെന്ന നിലയിൽ ശുചീകരണ സംവിധാനങ്ങൾ  എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്. പക്ഷേ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ എത്തുന്നതിനാൽ ജീവനക്കാരും ഭീതിയിലാണ്.

ഡിടിപിസിക്ക് കീഴിൽ ഒമ്പത് വിനോദസഞ്ചാരകേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇവയിലെല്ലാംകൂടി തിങ്കളാഴ്ച മുതൽ അയ്യായിരത്തോളം പേരാണെത്തിയത്. വനംവകുപ്പ് നേരത്തെതന്നെ കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമായി തോല്പെട്ടിയും മുത്തങ്ങയും അടച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇറിഗേഷൻവകുപ്പിന്‍റെ കാരാപ്പുഴ ഡാംസൈറ്റും കെഎസ്ഇബിക്ക് കീഴിലെ ബാണാസുരസാഗർ ഡാംസൈറ്റും അടച്ചു.

അതേ സമയം എല്ലാ കേന്ദ്രങ്ങളും ഒരുമിച്ച് അടയ്ക്കുന്നത് ജനങ്ങളിൽ അനാവശ്യഭീതി പരത്തുമെന്നാണ് അധികൃതർ പറയുന്നത്. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ടൂറിസംമേഖലയെ ഇത് കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും. തുറന്നുപ്രവർത്തിക്കുന്ന ടൂറിസംകേന്ദ്രങ്ങളിൽ സന്ദർശകരുടെ ബാഹുല്യം നിയന്ത്രിക്കും. ശനി, ഞായർ ദിവസങ്ങളിൽ സന്ദർശകരുടെ പ്രവാഹം നിയന്ത്രിക്കുന്നതിന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കലക്ടർ നിർദേശം നൽകി.

click me!