
തിരുവനന്തപുരം: കൊവിഡ് കാലത്ത് ദിശ 1056ലേക്ക് ഇതുവരെ എത്തിയത് 70,000 ഫോൺ കാളുകൾ. പൊസിറ്റീവായതിനെ തുടർന്ന് വിദേശത്ത് ക്വാറന്റൈനിൽ കഴിയുന്ന മലയാളികൾക്ക് പോലും മാർഗനിർദേശം നൽകി ദിശയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്. ദിനംപ്രതി ശരാശരി 4000 മുതൽ 5000 ഫോൺ കാളുകളാണ് ദിശയിലേക്ക് എത്തുന്നത്. ഭക്ഷണവും, താമസ സൗകര്യവും തേടി അതിഥി തൊഴിലാളികളുടെ ഫോൺ കാളുകളും ദിശയിലേക്ക് എത്തുന്നുണ്ട്.
ഇതിനായി അന്യഭാഷാ കൈകാര്യം ചെയ്യാൻ പറ്റുന്ന ജീവനക്കാരുടെ സേവനം ദിശയിൽ ഉറപ്പാക്കിയിട്ടുള്ളതായും ഇത്തരം കാളുകൾ ദിശയിൽ നിന്ന് അനുബന്ധ ഡിപ്പാർട്മെന്റുകളിലേക്ക് കൈമാറുന്നുണ്ടെന്നും ആരോഗ്യകേരളം തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പിവി അരുൺ അറിയിച്ചു. ഒരു ഫ്ലോർ മാനേജരുടെ നേതൃത്വത്തിൽ 15 ദിശ കൗൺസിലർമാരും 55 വോളന്റിയർമാരും 12 ആരോഗ്യകേരളം ജീവനക്കാരുമാണ് ദിശയുടെ കോവിഡ് 19 പ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കുന്നത്.
എംഎസ്ഡബ്യു, എംഎ സോഷ്യോളജി വിദ്യാർഥികളായ വോളന്റിയർമാരെയാണ് ഇതിനായി ദിശയിൽ നിയോഗിച്ചിരിക്കുന്നത്. ഇതിന് പുറമെ ഓരോ ഷിഫ്റ്റിലും രണ്ട് ഡോക്ടർമാരുടെ സേവനവും ദിശയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനോടകം കോവിഡ് 19മായി ബന്ധപ്പെട്ട് 70,000 കാളുകളാണ് ദിശയിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ യുകെ, ഖത്തർ എന്നിവിടങ്ങളിൽ കൊവിഡ് 19 പോസിറ്റീവ് അയതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്ന മലയാളികളുടെ ആശങ്കയോടെയുള്ള കാളുകളും ഉൾപ്പെട്ടിട്ടുണ്ട്.
ഇവരുടെ ആശങ്കകൾക്ക് ദിശയിലെ ഡോക്ടർമാർ മറുപടി നൽകുന്നുണ്ട്. വിദേശത്തു നിന്ന് പ്രതിദിനം നൂറോളം കോളുകളാണ് ദിശയിലേക്ക് എത്തുന്നത്. കൂടുതൽ മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് അത് നൽകുന്നതിന് വേണ്ടി മാനസികാരോഗ്യ ടീമിന്റെ സേവനവും സജ്ജമാക്കിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ കുടുങ്ങികിടക്കുന്ന മലയാളികളുടെ കോളുകളും ദിശയിലേക്ക് എത്തുന്നുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞാൽ തിരികെ നാട്ടിൽ എത്താൻ പറ്റുമോ എന്നുള്ള ചോദ്യമാണ് ഇവരിൽ പലർക്കും അറിയാനുള്ളത്. ഇത്തരം കോളുകൾ അതാത് ജില്ലാ കണ്ട്രോൾ റൂമുകളിലേക്ക് കൈമാറാൻ വേണ്ട സംവിധാനങ്ങൾ ദിശയിൽ ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam