കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ ആകെ 10762 പേര്‍ നിരീക്ഷണത്തില്‍

By Web TeamFirst Published Mar 29, 2020, 9:17 PM IST
Highlights

ജില്ലയില്‍ ഇന്നും പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് ഒരു സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെയായി ആകെ 227 എണ്ണത്തിന്റെ പരിശോധന ഫലം ലഭിച്ചതില്‍ 218 എണ്ണം നെഗറ്റീവാണ്.
 

കോഴിക്കോട്: കൊവിഡ് 19 മായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്ന് ആകെ 10762 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. ഇതില്‍ 108 പേര്‍ പുതുതായി നിരീക്ഷണത്തില്‍ വന്നവരാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 21 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ ഇന്നും പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് ഒരു സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെയായി ആകെ 227 എണ്ണത്തിന്റെ പരിശോധന ഫലം ലഭിച്ചതില്‍ 218 എണ്ണം നെഗറ്റീവാണ്. ഒന്‍പത് പോസിറ്റീവ് കേസുകളില്‍ ആറ് പേര്‍ കോഴിക്കോടും മൂന്ന് പേര്‍ ഇതര ജില്ലക്കാരുമാണ്. ഇനി 16 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.  

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ്ലൈനിലൂടെ 40 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 53 പേര്‍ ഫോണിലൂടെ സേവനം തേടി. സോഷ്യല്‍ മീഡിയയില്‍ കൂടിയുള്ള ബോധവല്‍ക്കരണം തുടര്‍ന്ന് വരുന്നു. കൊറോണയെ സംബന്ധിച്ച പോസ്റ്ററുകളും വീഡിയോകളും കീഴ്സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്തു.

വാട്സാപ്പിലൂടെയും എന്‍.എച്ച്.എം, മാസ്മീഡിയ വിംഗ് കോഴിക്കോട് ഫേസ്ബുക്ക് പേജിലൂടെയും, കൊറോണ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.  ജില്ലയില്‍ തയ്യാറാക്കിയ പോസ്റ്ററുകളും ലഘുലേഖകളും കീഴ്സ്ഥാപനങ്ങളിലേയ്ക്ക് വിതരണത്തിനായി കൈമാറി. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ സര്‍വ്വെലന്‍സ് ഓഫീസര്‍ പങ്കെടുത്തു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
 

click me!