
കോഴിക്കോട്: അവശ്യസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി പരാതികള്‍ ഉയര്‍ന്നതോടെ പരിശോധന കര്‍ശനമാക്കി കോഴിക്കോട് ജില്ലയിലെ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍. വടകര താലൂക്കിലെ പഴയ ബസ് സ്റ്റാന്റ് (കോട്ടപറമ്പ്), മാര്‍ക്കറ്റ് റോഡ്, കസ്റ്റംസ് റോഡ്, മയ്യന്നൂര്‍, വില്ല്യാപ്പള്ളി, നാദാപുരം റോഡ്, കണ്ണൂക്കര, മുക്കാളി (നടു മുക്കാളി), കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പച്ചക്കറിക്കടകള്‍, ചിക്കന്‍ സ്റ്റാളുകള്‍, ഫിഷ്മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ അധികൃതര്‍ റെയ്ഡ് നടത്തി.
വില്ല്യാപ്പള്ളിയില്‍ പഴം, വലിയ ഉള്ളി, തക്കാളി, പച്ചമുളക്, മുരിങ്ങ എന്നിവയ്ക്ക് അമിത വില ഈടാക്കുന്നതായും കണ്ടെത്തി. ഈ സ്ഥലങ്ങളിലെല്ലാം നേന്ത്രപ്പഴത്തിനു 30 രൂപയിലും പച്ചമുളക് 60 രൂപയിലും കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കി. കുറുവ അരിക്ക് യാതൊരു കാരണവശാലും 38 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ല.
മുക്കാളി, കുഞ്ഞിപ്പള്ളി, അരൂര്‍, തൂണേരി എന്നിവിടങ്ങളിലെ ചിക്കന്‍ സ്റ്റാളില്‍ 150 രൂപ ഈടാക്കി വില്‍പന നടത്തുന്നു എന്ന പരാതി അന്വേഷിച്ചതില്‍ 120 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയതായി വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെ കടകള്‍ യാതൊരു കാരണവശാലും തുറന്നു പ്രവര്‍ത്തിക്കരുത്. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പുറമെ ജീവനക്കാരായ കെ .പി കുഞ്ഞികൃഷ്ണന്‍, ഒ.കെ പ്രജിത്ത്, വി.വി പ്രകാശ്, കെ രാഗേഷ് എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam