Latest Videos

പ്രളയം മുതല്‍ കൊവിഡ് വരെ; പച്ചപിടിക്കാതെ മൂന്നാറിലെ ടൂറിസം; തൊഴിലാളികള്‍ ദുരിതത്തില്‍

By Web TeamFirst Published Apr 15, 2020, 10:24 PM IST
Highlights
ടൂറിസം പ്രതിക്ഷിച്ച് ജോലി ചെയ്യുന്ന ഗൈഡുകളുടെ ജീവിതവും ദുരിതത്തിലായി. എല്ലാം വഴികളും അടഞ്ഞതോടെ കുടുംബം പോറ്റാൻ മറ്റ് വഴികൾ തേടുകയാണ് ജീവനക്കാർ.
മൂന്നാർ: കൊവിഡ് 19നെ പ്രതിരോധിക്കാൻ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കൂടിയായതോടെ മൂന്നാറില്‍ ടൂറിസം ഉപജീവനമാർഗമാക്കിയ തൊഴിലാളികളുടെ ജീവിതം കൂടുതല്‍ വറുതിയിലായി. ആയിരക്കണക്കിന് തൊഴിലാളികളാണ് റിസോർട്ടുകളും കോട്ടേജുകളും കേന്ദ്രീകരിച്ച് മൂന്നാറില്‍ ജോലി ചെയ്യുന്നത്. ടൂറിസം പ്രതീക്ഷിച്ച് ജോലി ചെയ്യുന്ന ഗൈഡുകളുടെ ജീവിതവും ദുരിതത്തിലായി. എല്ലാം വഴികളും അടഞ്ഞതോടെ കുടുംബം പോറ്റാൻ മറ്റ് വഴികൾ തേടുകയാണ് ജീവനക്കാർ.

ലോക ഭൂപടത്തിൽ ഇടം നേടിയ തെക്കിന്റെ കാശ്മീരെന്ന് അറിയപ്പെടുന്ന ടൂറിസം മേഖല തിരിച്ചുവരണമെങ്കിൽ വർഷങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. പ്രളയവും കൊവിഡെന്ന മഹാമാരിയും മൂന്നാറെന്ന കൊച്ചുഗ്രാമത്തെ പട്ടിണിയിലാക്കി. തെയിലതോട്ടങ്ങൾ ഏറെയുള്ള മുന്നാർ പ്രകൃതിയുടെ വരദാനമായതോടെയാണ് സന്ദർശകരുടെ ഒഴുക്ക് വർധിച്ചത്. എന്നാൽ രണ്ടു വർഷത്തെ മഹാപ്രളയവും ഇപ്പോഴത്തെ മഹാമാരിയും മൂന്നാറിന് കനത്ത തിരിച്ചടിയായി മാറി. 

കഴിഞ്ഞ കുറിഞ്ഞിക്കാലം മുതലാണ് മൂന്നാർ തിരിച്ചടികളിൽ ഇടറാൻ തുടങ്ങിയത്. നാളിതുവരെ കരകയറാൻ കഴിഞ്ഞതുമില്ല. അതുകൊണ്ടുതന്നെ ഹോട്ടൽ ജീവനക്കാർ ഇപ്പോൾ മറ്റ് ജോലികൾ തേടേണ്ട അവസ്ഥവന്നിരിക്കുന്നു. ടൂറിസത്തെ കേന്ദ്രീകരിച്ച് ഒരു പക്ഷേ ഏറ്റവും അധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലം മൂന്നാറായിരിക്കും. ആയിരക്കണക്കിന് തൊഴിലാളികളാണ് ഹോട്ടൽ- റിസോർട്ട് മേഖലകൾ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നത്. ഗൈഡുകളുടെ എണ്ണവും മറിച്ചല്ല. എന്നാൽ ഇത്തരക്കാർക്ക് സന്ദർശകർ എത്തിയില്ലെങ്കിൽ ജോലി ഉണ്ടാവുകയില്ല. ലോക്ക് ഡൗൺ തുടരുന്നതോടെ ഇവരുടെ കുടുംബങ്ങൾ പട്ടിണിയിലാകും.

മൂന്നാറിലെ പ്രധാന ടൂറിസം മേഖലയായ മാട്ടുപ്പെട്ടി, കുണ്ടള എക്കോ പോയിന്‍റ് എന്നിവിടങ്ങളിലെ വഴിയോര കച്ചവടക്കാരുടെ സ്ഥിതിയും മറിച്ചല്ല. ടൂറിസ്റ്റുകൾ എത്തിയാൽ മാത്രമേ ഇവരുടെ വീടുകളിലെ അടുപ്പ് പുകയുകയുള്ളു. നിലവിൽ കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നത് മൂന്നാറിലെ തെയില തോട്ടങ്ങളിലെ തൊഴിലാളികൾക്ക് മാത്രമാണ്. ലോക് ഡൗൺ തുടരുമ്പോഴും ജോലികൾ തുടരുന്നത് ഉള്ളത് ഇവർക്ക് ആശ്വാസമായി. സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ അവസാനിച്ചാൽ പ്രതിസന്ധി മറികടക്കാൻ മൂന്നാർ നിവാസികൾ വർഷങ്ങൾ കാത്തിരിക്കണം.
click me!